X

ചെറായി ബീച്ച് വഴിയേ പാലാപ്പറമ്പും; കൂത്തുപറമ്പില്‍ 500 ഏക്കര്‍ വഖഫ് ഭൂമി കയ്യാലപ്പുറത്ത്

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്

കൊച്ചി ചെറായി ബീച്ചില്‍ ഫാറൂക്ക് കോളജിന് അവകാശപ്പെട്ട 406 ഏക്കര്‍ വഖഫ് ഭൂമി കൈവശപ്പെടുത്തിയ കോര്‍പ്പറേറ്റ് ഭീമന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നികുതി അടക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പുറമേ കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാലാപ്പറമ്പിലെ 500 ഏക്കര്‍ വഖഫ് ഭൂമിയും കയ്യാലപ്പുറത്ത്. എ.കെ കുഞ്ഞിമായിന്‍ ഹാജിയുടെ കുടുംബം വഖഫ് ചെയ്ത പാലാറമ്പിലെ ഭൂമിയിലെ സുതാര്യമായ നടത്തിപ്പിന് ഹാനികരമാകുന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും വന്നത് വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തുമെന്ന ആശങ്കയുയര്‍ത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് വഖഫ് വസ്തു ചെയര്‍മാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വഖഫിന്റെ പ്രതി വര്‍ഷവരുമാനം ലക്ഷക്കണക്കിന് രൂപ വര്‍ദ്ധിക്കുകയും വഖഫ് വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഉന്നതങ്ങളില്‍ നിന്ന് വഖഫിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

2022 ജൂലൈ 20നാണ് റവന്യൂ, വഖഫ് മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് വഖഫ് ഭൂമി കയ്യേറിയവര്‍ക്ക് അനുകൂല തീരുമാനമെടുത്തത്. വിഷയത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം മുഖ്യമന്ത്രിയെ കാണുവാന്‍ തീരുമാനിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലാപറമ്പ് വിഷയത്തില്‍ വഖഫ് മന്ത്രി നിരന്തരമായി ഇടപ്പെടുന്നതിന്റെ തുടര്‍ച്ചയായി മന്ത്രി തല യോഗ നിര്‍ദ്ദേശമനുസരിച്ച് ഡിവിഷനല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പാലാപറമ്പ് സംബന്ധിച്ച് പ്രത്യേകമായ തീരുമാനമെടുത്തത്. കണ്ണൂര്‍ ഓഫീസില്‍ നിന്ന് ഒരു സ്റ്റാഫിനെ പ്രത്യേകം നിയോഗിച്ച് വഖഫ് അട്ടിമറിക്ക് കളമൊരുക്കുകയാണ്. വഖഫ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കോടികളുടെ സ്വത്ത് അന്യാധീനപ്പെടുത്തുന്നതിന് മന്ത്രിതലത്തില്‍ തന്നെ നീക്കം നടത്തുന്നതിന്റെ തുടര്‍ച്ചയായി വഖഫ് സ്ഥാപനങ്ങളില്‍ വഴിവിട്ട ഇടപെടലിനും ബോര്‍ഡ് നേതൃത്വം നല്‍കുകയാണ്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുള്ള എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ വിയോജന കുറിപ്പുകളിലെ പരാമര്‍ശങ്ങള്‍ മിക്കതും ശരിവെക്കുന്ന വിധമാണ് കക്കോവ്, പള്ളിക്കല്‍ ബസാര്‍, ഇരിവേരി, മുതുപറമ്പ്, പുന്നോള്‍, വാലില്ല പുഴ, വെള്ളരിതൊടിക തുടങ്ങിയ സ്ഥലങ്ങളിലെ വഖഫ് സ്ഥാപനങ്ങള്‍ സംബന്ധിച്ച കോടതിവിധികള്‍ വന്നത്.നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം നടത്തി വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.

Test User: