ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് ‘അമ്മ’ ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ഇരുചക്ര വാഹാനം നല്‍കുന്നതില്‍ ജോലിയുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. 20,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം സബ്‌സിഡി നല്‍കുക. ഇതിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുക. 5000 മത്സ്യബന്ധ തൊഴിലാളികള്‍ക്കായി 8500 കോടി രൂപ ചെലവില്‍ വീടുകള്‍ നിര്‍മിക്കും. കൂടാതെ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി ഉയര്‍ത്തി. നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷക്കായി നല്‍കി വരുന്ന ധനസഹായം 18000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 12,000 രൂപയായിരുന്നു. തലൈവി കാഴ്ച വെച്ച മികച്ച ഭരണം അതേരീതിയില്‍ തുടരുമെന്നും ജനോപകാരപ്രദമായ ചില പുതിയ പദ്ധതികള്‍ കൂടി നടപ്പാക്കുമെന്നും പളനിസ്വാമി പറഞ്ഞു.