X

അണ്ണാ ഡി.എം.കെ ലയന നീക്കത്തിനിടെ പളനിസാമി – മോദി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വിഭജിച്ച് നില്‍ക്കുന്ന അണ്ണാ ഡി.എം. കെ പാര്‍ട്ടികളെ വരുതിയിലാക്കാന്‍ കരുനീക്കി ബി.ജെ.പി. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ് പളനിസാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ് ഇരുവരും ചര്‍ച്ച നടത്തി. ലയനം ഉടനെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള പളനിസാമിയുടെ പ്രതികരണം.
ഡല്‍ഹിയിലുള്ള വിമത നേതാവ് ഒ പന്നീര്‍ ശെല്‍വവും ഉടന്‍ മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലയനം വേഗത്തിലാകുമെന്നാണ് സൂചന. ഈ ആഴ്ചയില്‍ തന്നെ പ്രഖ്യാപനമുണ്ടായേക്കും. ഇരുവിഭാഗങ്ങളെയും റാഞ്ചാന്‍ ബി.ജെ.പി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ലയനത്തിന് ശേഷം അണ്ണാ ഡി.എം.കെയെ എന്‍.ഡി.എയുടെ ഘടകകക്ഷിയാക്കാനാണ് തീരുമാനം. സംയുക്ത അണ്ണാ ഡി.എം.കെ ക്ക് രണ്ട് കേന്ദ്രമന്ത്രിപദവും സംസ്ഥാന മന്ത്രിസഭയില്‍ ഒ.പി.എസിന് ഉപമുഖ്യമന്ത്രിസ്ഥാനവും അനുയായികള്‍ക്ക് രണ്ട് മന്ത്രിപദവികളുമാണ് വാഗ്ദാനം.
മറ്റ് എം.എല്‍.എമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളില്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ നല്‍കിയേക്കും. 37 എം.എല്‍.എമാരുമായി പാര്‍ട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതോടെയാണ് ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കത്തിന് വേഗം കൂടിയത്. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിക്ക് അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒ.പി.എസ് പക്ഷത്തിന്റെ ആവശ്യം പളനിസാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്. ശശികലക്കും ദിനകരനുമെതിരെ കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയിരുന്നു.

chandrika: