ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍ നിന്ന് പനീര്‍സെല്‍വവും അദ്ദേഹത്തെ പിന്തുണച്ച മാഫോയി പാണ്ഡ്യരാജനും പുറത്തുപോയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സെങ്കോട്ടൈയ്യന്‍ മന്ത്രിസഭയിലെ പുതുമുഖമാണ്. 15ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പൂര്‍ണ്ണമായും ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ നിയന്ത്രണത്തിലാണ് പളനിസാമി മന്ത്രിസഭ. ശശികല ജയിലില്‍ പോകുന്നതിന് മുമ്പ് അണ്ണാ ഡി.എം.കെയില്‍ പിടിമുറുക്കുന്നതിന് സഹോദരന്‍ ടിടിവി ദിനകരനെ പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ദിനകരനും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ആദ്യഘട്ടത്തില്‍ സൂചനയുണ്ടായിരുന്നെങ്കിലും പുറത്തുവന്ന പട്ടികയില്‍ ദിനകരന്റെ പേരില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മാഫോയി പാണ്ഡ്യരാജനെ പുറത്താക്കിയതുകൊണ്ടാണ് പുതിയ മന്ത്രിയായി സെങ്കോട്ടയ്യനെ നിയമിച്ചത്.