X

ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം ; പാലക്കാട് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു

സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ സ്വകാര്യ ബസിൽ കാര്‍ഡ് വേണ്ട. 2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്സണ്‍ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നിയമപരമായി പരിശോധിച്ചു തന്നെ കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താമെന്നും അതിന് നിര്‍ബന്ധമായും കണ്‍സഷന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാര്‍ത്ഥികളുടെയും യോഗം ചേരും.

വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളും കോളെജുകളും സ്വമേധയായി വരുകയാണെങ്കില്‍ ആര്‍.ടി.ഒയുമായി സഹകരിച്ച് കണ്‍സഷന്‍ ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ ബസ് സ്റ്റാന്‍ഡിലും കോളെജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടര്‍ പറഞ്ഞു.

സ്വകാര്യ ബസുകള്‍ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചാല്‍ KSRTC കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജോയിന്റ് ആര്‍.ടി.ഒമാര്‍, പോലീസ് മേധാവി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

webdesk15: