X

‘പാലക്കാട്ടെ വിജയം രാഷ്ട്രീയ വിജയം, വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല’; രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയം രാഷ്ട്രീയ വിജയമാണെന്നും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്‍റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. 2040ലെ ലോക ഭൂപടത്തില്‍ പാലക്കാടിന്‍റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണ് തന്‍റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷം കൂടിയായിരുന്നു തിരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രങ്ങളിലും ഉണ്ടായ വോട്ട് വര്‍ദ്ധന ഇതാണ് സൂചിപ്പിക്കുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ വിജയം കൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്ക് ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതര ചിന്താഗതിക്കാരാണ് ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ എത്തിച്ചത്. ഒന്നരവര്‍ഷം കൊണ്ട് ചെയ്യാനുള്ള പ്രവര്‍ത്തികളെല്ലാം ചെയ്തു തീര്‍ക്കും.

പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ടൗണ്‍ഹാളിന്‍റെയും മൊയന്‍സിന്‍റെയും കാര്യത്തില്‍ ഫണ്ട് ലഭ്യമായി കഴിഞ്ഞു. ഇനി ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രം മതിയാവും. മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തിലും ശക്തമായ ഇടപെടല്‍ നടത്തുമെന്നും മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

വര്‍ഗീയശക്തികളുടെ വോട്ട് കൊണ്ടല്ല തിരഞ്ഞെടുപ്പിലുണ്ടായ വിജയം. എല്ലായിടങ്ങളിലും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിട്ടുണ്ട്. പാലക്കാട് നഗരസഭയിലും യുഡിഎഫ് ആധിപത്യം നേടി. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തന്നെ അടിസ്ഥാനരഹിതമാണ്.

അവര്‍ തന്നെ ചര്‍ച്ച നടത്തിയില്ലെന്ന് വ്യക്തമാക്കുമ്പോള്‍ വീണ്ടും ഇതേക്കുറിച്ച് പറയുന്നത് ശരിയായ കാര്യമല്ല. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. പാലക്കാട്ട് വന്നിറങ്ങിയപ്പോള്‍ തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ വ്യക്തിപരമായി തേജോ വധം ചെയ്യാന്‍ വരെ ശ്രമിച്ചു. മുനമ്പം വിഷയം പര്‍വതീകരിക്കാനാണ് ബിജെപി തയ്യാറായത്. നഗരസഭയില്‍ മറ്റൊരു വിധത്തില്‍ പ്രചരണം അഴിച്ചുവിട്ടു. പത്രത്തില്‍ പരസ്യം നല്‍കി ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി.

ഇതുകൊണ്ടൊന്നും ഈ മേഖലകളില്‍ വോട്ട് കുറഞ്ഞില്ല. ഇതുതന്നെ പാലക്കാട്ടുകാരുടെ മതേതര ബോധമാണ് തെളിയിക്കുന്നത്. വര്‍ഗീയശക്തികളെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് യുഡിഎഫിന്‍റെ പ്രഖ്യാപിത നയം. ഇതിനാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് മറിച്ചുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

webdesk13: