പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ വോട്ടിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമാകുന്നത്.
വോട്ടെടുപ്പിന് ശേഷവും ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ഇന്നലെ കൊട്ടിക്കലാശത്തോടെ വളരെ ആവേശത്തോടെ തന്നെ എല്ലാ മുന്നണികളും പരസ്യ പ്രചാതണത്തിന് സമാപനം കുറിച്ചു.
ഇന്നത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് വോട്ടെടുപ്പ്.
പാലക്കാട് 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.