പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു.
2019ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാനുണ്ടായ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ ചെന്താമര സജിതയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി ചെന്താമര സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
2022ല്‍ ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുകയും നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും ഉണ്ടായിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി.
ചെന്താമരയില്‍ നിന്ന് ഭീഷണിയുള്ളതായി സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ പ്രതിയെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടുന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിന് നേരത്തെ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.