പാലക്കാട് നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളോട് നേരത്തെ എത്താന്‍ നിര്‍ദേശം. രാവിലെ 7.30ഓടെ സ്‌കൂളിലെത്താനാണു വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്.
9.30യ്ക്കു നടക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂര്‍ മുന്‍പേ സ്‌കൂളിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയന്‍സ്, പി.എം.ജി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താന്‍ ആവശ്യപ്പെടുന്നതെന്നാണു വിദ്യാര്‍ഥികള്‍ക്കു ലഭിച്ച നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളും സ്‌കൂളില്‍ പരീക്ഷ എഴുതുന്നുണ്ട്.
നാളെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി പാലക്കാട്ടെത്തുന്നത്. രാവിലെ 10 മണിക്കാണ് നഗരത്തില്‍ റോഡ് ഷോ നടക്കുന്നത്.
നിര്‍ദേശത്തിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ മാനസികസമ്മര്‍ദം കൂട്ടുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.