പാലക്കാട് ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84 കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സെപ്തംബറിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. പ്രതി ഭാരതിയമ്മയല്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്നാണ് കുനിശ്ശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ കേസിൽ നിന്നും ഒഴിവാക്കിയത്. 1998 ലുണ്ടായ കേസിൽ ജാമ്യത്തിലിറങ്ങിയ യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതി സ്റ്റേഷനിൽ നൽകിയത് ഭാരതിയമ്മയുടെ വിലാസമാണ്.