X

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവര്‍ക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍:

‘ഒരുപാട് സന്തോഷമുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് പ്രസ്ഥാനവും മുന്നണിയുമൊക്കെ മത്സരിക്കാന്‍ ഒരവസരം തരുന്നത്. ആ അവസരം ഇങ്ങനെ ആയതില്‍ സന്തോഷം. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ജനങ്ങളെ കാണുക എന്നതിനപ്പുറം ഒരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിന്റെ പിന്നണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

പാലക്കാട് വന്നിറങ്ങിയ ദിവസം മുതല്‍ നേതാക്കന്മാരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. പാര്‍ട്ടിയുടെ സീനിയര്‍ അംഗങ്ങളൊക്കെ പഞ്ചായത്തിന്റെ ചുമതല വരെ ഏറ്റെടുത്ത് പിന്തുണ നല്‍കി. ഷാഫി പറമ്പിലിന്റെയും വി.കെ ശ്രീകണ്ഠന്റെയുമൊക്കെ പിന്തുണ സാധാരണ പശ്ചാത്തലമുള്ള പ്രവര്‍ത്തകര്‍ക്ക് മുന്നണിയിലേക്ക് വരാന്‍ പ്രചോദനമാണ്. ഞാന്‍ സംഘടനാ പ്രവര്‍ത്തനം കണ്ടുപഠിച്ചത് വിഷ്ണുവേട്ടനെ പോലുള്ള ആളുകളില്‍ നിന്നാണ്. പുതുപ്പള്ളി മുതല്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

പാണക്കാട് തങ്ങള്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള മുന്നണിയുടെ നേതാക്കളെത്തിയതും പറയാതിരിക്കാനാവില്ല. പി.കെ ഫിറോസൊക്കെ ലീഗിന്റെ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പോലും ഇത്രയധികം ദിവസം ഒരു മണ്ഡലത്തില്‍ ചിലവഴിച്ചിട്ടില്ല. ഒരു കൂട്ടായ്മയുടെ വിജയമാണിത്. പാലക്കാട് ആഗ്രഹിച്ച വിജയം’.

webdesk17: