പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീയുടെ നിയന്ത്രണത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും താലൂക്ക് റവന്യു സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി. വിളയൂർ കണ്ടെങ്കാവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്നും മൂന്ന് ടിപ്പർ ലോറികളും രണ്ട് കട്ടിങ് മെഷീനുകളും കുലുക്കല്ലൂർ പ്രഭാപുരത്തു കരിങ്കല്ല് ഖനനം നടത്തി കടത്തുകയായിരുന്ന ഒരു ഹിറ്റാച്ചിയും ടിപ്പർ ലോറിയും പട്ടിത്തറയിൽ അനധികൃത ക്വാറിയിൽ നിന്നും ഒരു ഹിറ്റാച്ചിയും ജിയോളജി വകുപ്പ് അനുവദിക്കുന്ന ട്രാൻസിറ്റ് പാസുകൾ ഇല്ലാതെ കല്ല് കയറ്റി കൊണ്ടു പോയതിന് കൊപ്പം സെന്ററിൽനിന്നും ഒരു ടോറസ് ലോറിയും അനങ്ങനടി, കുളക്കാട് എന്നിവിടങ്ങളിൽ നിന്നും മൂന്ന് ടിപ്പർ ലോറികളുമാണ് പിടികൂടിയത്.
അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. രാമൻകുട്ടി, അബ്ദുൾ റഹ്മാൻ പോത്തുകാടൻ (മണ്ണാർക്കാട് താലൂക്ക്), വില്ലേജ് ഓഫീസർമാരായ ഷിജു വൈ ദാസ് (അമ്പലപ്പാറ 2), എൻ. പ്രിയേഷ് (കരിമ്പുഴ 2), സി. അലി (തൃക്കടേരി 2), കെ.വി സവിത (പൂക്കോട്ടുകാവ്) എന്നിവർ നേതൃത്വം നൽകി.