പാലക്കാട് ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ നേതൃത്വത്തിൽ സ്പെഷ്യല്‍ സ്‌ക്വാഡ് ഒലവക്കോട് മേഖലയിലെ പച്ചക്കറി/പലചരക്ക്/സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ പൊതുവിപണി പരിശോധനയില്‍ ആറ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പായ്ക്ക് ചെയ്ത തീയതി, കാലാവധി തീയതി, പൂര്‍ണമായ ലേബല്‍ ഇല്ലാതെ പായ്ക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പാക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തത്, പൂര്‍ണമായ ഡിക്ലറേഷന്‍ ഇല്ലാത്തത് എന്നീ നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ബോര്‍ഡ്/വിലവിവര പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിനുവേണ്ട എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ജി.എസ്.ടി, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.