X

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം; ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ

പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ചു. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. പാലക്കാട്ട് ബിജെപിയിൽ കനത്ത ഭിന്നത തുടരവെയാണ് ഫ്ലക്സ് കത്തിയ നിലയിൽ കാണുന്നത്. അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും പാലക്കാട് ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തിൽ ശോഭ മത്സരിക്കാനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെ ശോഭയെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം.

നഗരസഭ കൗൺസിലമാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

webdesk14: