പാലക്കാട്: പനയംപാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികള്‍ക്ക് ഒറ്റ ഖബറിടത്തില്‍ അന്ത്യ വിശ്രമം. കണ്ണീരോടെ യാത്രാമൊഴി ചൊല്ലി നാടും കൂട്ടുകാരും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വിദ്യാര്‍ഥിനികളുടെ മയ്യിത്ത് സന്ദര്‍ശിക്കാനെത്തിയിരുന്നു. മയ്യിത്ത് നമസ്‌കാരത്തിന് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുകയും പൊന്നു മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തുപ്പനാട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഒരു വലിയ ഖബര്‍ നാലായി തിരിച്ച് അവര്‍ ഒരുമിച്ചുറങ്ങുകയാണ്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികള്‍ക്കും അവര്‍ ജനിച്ചു വളര്‍ന്ന നാടിനും ഇനി അവര്‍ അന്യമാണ്. എല്ലാം വേദനിക്കുന്ന ഓര്‍മകളായി മാറി. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒരു നാട് തന്നെ ഒഴുകിയെത്തിയിരുന്നു.
ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പി.എ. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.