X

പാലക്കാട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

പാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറിയുടെ ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍. ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദും ക്ലീനര്‍ വര്‍ഗീസും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

വര്‍ഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടസ്ഥലത്തുവെച്ചു തന്നെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നും ഡ്രൈവര്‍ മൊഴി നല്‍കി. മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

ഇരുവരുടെയും രക്ത സാംപിളുകള്‍ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും പരിശോധിക്കും. അതേസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും പരിശോധിക്കും.

അപകടസ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നു.

ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

 

webdesk17: