പാലക്കാട് പനയംപാടത്ത് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റേയും മൊഴിയാണ് പൊലീസ് ഇന്ന് എടുക്കുക. അപകടത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
എതിരെ വന്ന വാഹനത്തിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശിയായ പ്രജീഷിനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ചുവെന്നാണ് കേസ്. വാഹന ഉടമയെ വിശദമായി ചോദ്യം ചെയ്യും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മഴയും റോഡിലെ തെന്നലും കാരണം ലോറി നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു. അതേസമയം മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം പാലക്കാട് പനയമ്പാടത്തുവെച്ച് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന നാല് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം നഷിടപ്പെട്ട ലോറി പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്. മരിച്ച കുട്ടികള്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.