X

പരാജയം പരിശോധിക്കും; പാലായിലെ സാഹചര്യമായിരിക്കില്ല ഇനി വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിനു ശേഷം യു.ഡി.എഫിനുണ്ടായ ചെറിയ ഒരു മുന്നറിയിപ്പാണ് പാലായിലെ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ആ മുന്നറിയിപ്പിനെ തീര്‍ച്ചയായും യു.ഡി.എഫ് ഉള്‍ക്കൊള്ളുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. പരാജയത്തിന്റെ കാരണം പരിശോധിച്ച് വേണ്ട തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ നിന്ന് വരുന്നതിനിടെ മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം ഇനി വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ പാലായിലെ പോലെ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പു ദിവസം വരെ പാലായില്‍ ഒരു പ്രത്യേക സാഹചര്യമുണ്ടായിരുന്നു. അതിനാലാണ് അവിടെ പരാജയം ഉണ്ടായത്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ചിഹ്നം പോലും പാലായില്‍ കിട്ടാത്ത സാഹചര്യമുണ്ടായി. ഇതെല്ലാം പരിഹരിക്കും. യു.ഡി.എഫ് യോഗം ചേര്‍ന്ന് സൗഹൃദാന്തരീക്ഷത്തില്‍ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയും കുഞ്ഞാലിക്കുട്ടി പങ്കുവെച്ചു.

പാലായില്‍ ഉണ്ടായ വിഭാഗീയതയാണ് പരാജയ കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും വിലയിരുത്തി. ആ വിഭാഗീയതക്ക് ജനം നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റായിട്ടാണ് ഈ പരാജയത്തെ കാണുന്നതെന്നും അതിനെ മറികടന്ന് ഇനി വരുന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും നല്ല വിജയം യു.ഡി.എഫ് നേടുമെന്നും മുനീര്‍ പറഞ്ഞു.

web desk 1: