X

നീന്തലറിയാമെന്ന് പറഞ്ഞ് തോട്ടിലിറങ്ങി; യുവതി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു

കോട്ടയം: പാലായില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി നേഹ ശ്രീവാസ് (31) ആണു മരിച്ചത്. ഇന്നലെയാണ് സംഭവം. കൂടെ ഒഴുക്കില്‍പെട്ട യുവതി രക്ഷപ്പെട്ടു. പാലായില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു നേഹ. 3 ദിവസം മുന്‍പാണ് പാലായില്‍ എത്തിയത്. ഇതിനു മുന്‍പ് കോട്ടയത്തായിരുന്നു ജോലി.

സഹപ്രവര്‍ത്തകരും മധ്യപ്രദേശ് സ്വദേശികളുമായ ബിന്ധ്യ, രണ്‍ബീര്‍, സുജുലാല്‍, ചന്ദ്ര് എന്നിവര്‍ക്കൊപ്പമാണു നേഹ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കുള്ള സ്ഥലമാണെന്നും കുളിക്കുന്നത് അപകടമാണെന്നും സമീപവാസിയായ വീട്ടമ്മ വിലക്കിരുന്നു. എന്നാല്‍ നീന്തല്‍ അറിയാമെന്നു പറഞ്ഞാണ് ഇവര്‍ തോട്ടിലിറങ്ങിയത്. നേഹയും ബിന്ധ്യയുമാണ് ഒഴുക്കില്‍ പെട്ടത്. ബിന്ധ്യ സമീപത്തു കിട്ടിയ വള്ളിയില്‍ പിടിച്ചുകിടന്നു. നേഹ 100 മീറ്ററോളം താഴേക്ക് ഒഴുകി.

നേഹയുടെ ഭര്‍ത്താവ് സീതാറാം ശ്രീവാസ് നേരത്തേ മരിച്ചതാണ്. 3 കുട്ടികളുണ്ട്.

web desk 1: