X

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്ലിം നേതൃസമിതി യോഗം

 

കോഴിക്കോട്: സാമൂഹിക ദ്രുവീകരണത്തിന് ഹേതുവാകുന്ന തരത്തില്‍ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം നേതൃസമിതി യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ പ്രതികരണം വളരെ പക്വമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവ വ്യാജ പ്രചാരണമാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഏത് തരം പ്രവര്‍ത്തിയെയും എല്ലാവരും തള്ളിപ്പറയാന്‍ തയ്യാറാകണമെന്നും സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സാമുദായിക അന്തരീക്ഷം വിഷലിപ്തമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിവേചനപരമായി പെരുമാറുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് പൂര്‍ണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ രണ്ടാം ഘട്ടം ജില്ലാ തലത്തില്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍ (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), പി. മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), ഡോ. ഐ.പി അബ്ദുല്‍ സലാം (കെ.എന്‍.എം മര്‍ക്കസുദ്ദഅ്വ), പി.എന്‍ അബ്ദുല്ലത്തീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), ഇ.പി അഷ്‌റഫ് ബാഖവി, ടി.എം സയ്യിദ് ഹാഷിം ബാഫഖി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), എഞ്ചിനീയര്‍ പി. മമ്മദ് കോയ, സൈനുല്‍ ആബിദ് .പി (എം.എസ്.എസ്), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), കമാല്‍ എം. മാക്കിയില്‍, ഡോ. ഖാസിമുല്‍ ഖാസിമി, നജ്മല്‍ ബാബു (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), പൂഴനാട് സുധീര്‍ (മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ. പി.ടി സൈത് മുഹമ്മദ്, അസ്ഹര്‍ എം (മെക്ക), കെ.പി മെഹബൂബ് ശരീഫ്, എം.എസ് സലാമത്ത് (റാവുത്തര്‍ ഫെഡറേഷന്‍), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ (ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്), എഞ്ചി. മാമുക്കോയ ഹാജി (വഖഫ് സംരക്ഷണ സമിതി), ചുനക്കര ഹനീഫ, എം. അലാവുദ്ദീന്‍ (റാവുത്തര്‍ ഫെഡറേഷന്‍ ഫോര്‍ മൈനോരിറ്റീസ് വെല്‍ഫെയര്‍) എന്നിവര്‍ സംബന്ധിച്ചു.

Test User: