കെ.പി ജലീല്‍ ചണ്ഡിഗഡ
”രാജ്യത്തെ രക്ഷിക്കാനും മതേതരത്വം നിലനിര്‍ത്താനും കഴിയുന്ന ഏറ്റവും വലിയ ഏക കക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുക തന്നെ ചെയ്യും’- പറയുന്നത് 54 കാരനായ പാല്‍ സിംഗ്.
രാഷ്ടീയം പഠിച്ചു വന്ന കാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയാണ് പാല്‍ സിംഗ്. പേര് കേട്ട് ടിയാന്‍ പാല്‍ക്കാരനാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. പഞ്ചാബിലെ തീര്‍ത്ഥാടന നഗരമായ അമൃത് സറില്‍ നിന്ന് 20 കിലോമീറ്ററകലെയുള്ള രാജാ സാന്‍ സി പട്ടണത്തിലെ ബഹാര്‍ ഷാ ഖാദിരി ദര്‍ഗയിലെ കാവല്‍ക്കാരനും സഹായിയുമാണ് പാല്‍ സിംഗ്.
പഞ്ചാബില്‍ പാല്‍ എന്നാല്‍ സുഹൃത്ത് . ഇന്നലെ 117 നിയമസഭാ സീറ്റുകളിലേക്ക് നടന്ന സംസ്ഥാനത്തെ ഏക ഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്തു പാല്‍ സിംഗ്. രാജാ സാന്‍ സിയിലെ സ്‌കൂളിലായിരുന്നു ബൂത്ത്. വോട്ടര്‍മാരിലെ ആവേശം കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചു വിജയം ചന്നി യുടെയും സിദ്ദുവിന്റെയും പാര്‍ട്ടിക്ക് തന്നെ. പാല്‍ സിംഗ് ദര്‍ഗയിലെ കൈ ക്കാനായിട്ട് 20 വര്‍ഷമായി. പിതാവും ഇവിടെ ഇതേ തൊഴിലില്ലായിരുന്നു. ഇത് സൗജന്യ സേവനമാണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത .300 വര്‍ഷത്തിലധികം പഴക്കമുണ്ട് ദര്‍ഗക്ക്. ഔലിയയുടെ മുഴുവന്‍ പേര് ഹസ്‌റത്ത് ബാബ ബഹാര്‍ ഷാഖാദിരി . മുസ് ലിംകള്‍ മാത്രമല്ല, സിക്കുകാരും ഹിന്ദുക്കളുമൊക്കെ ദര്‍ഗയിലെത്തുന്നുണ്ട്.
പഴയ കാല പള്ളിയും ദര്‍ഗയ്ക്ക് തൊട്ട് കാണാം. നമസ്‌കരിക്കാന്‍ പക്ഷേ പത്തില്‍ കുറച്ച് പേരേ ഉള്ളൂ. പഞ്ചാബിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് രാജാ സാന്‍ സി. അമൃത്സറിലെ 18 മണ്ഡലങ്ങളിലൊന്ന്. വിഭജനകാലത്ത് കൂട്ടക്കൊല നടന്ന പ്രദേശം .മഹാഭൂരിപക്ഷം മുസ് ലിംകളും ഇവിടം വിട്ട് പാക്കിസ്താനിലേക്ക് പലായനം ചെയ്തു. അന്ന് മുസ്‌ലിംകളെ സംരക്ഷിച്ച സിഖ് കുടുംബമാണ് പാല്‍ സിംഗിന്റേത്.
പുതുതായി രൂപീകരിച്ച മലാര്‍കോട് ജില്ലയിലും ലൂധിയാനയിലുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം മുസ് ലിംകളുള്ളത്. എന്തുകൊണ്ടും മതേതര ഇന്ത്യയുടെ മധുരപ്രതീകം തന്നെയാണ് രാജാ സാന്‍സിയിലെ ദര്‍ഗയും പാല്‍ സിംഗും സമീപവാസികളായ വിവിധ മതവിശ്വാസികളും .
ജനവിധി പെട്ടിയിലായി;കൂട്ടിയും കിഴിച്ചും പഞ്ചാബ് രാഷ്ട്രീയം
ന്യൂഡല്‍ഹി: ഹൈവോള്‍ട്ടേജ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ പഞ്ചാബില്‍ വോട്ടെടുപ്പിനു ശേഷവും രണ്ടാമൂഴ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. വോട്ടെടുപ്പിനു പിന്നാലെ നടത്തിയ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ഛന്നി അടക്കമുള്ള നേതാക്കള്‍ ആത്മവിശ്വാസം പങ്കുവെച്ചു.
പുതുസാധ്യതകള്‍ തേടി എ.എ.പിയും അധികാരം തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും കോണ്‍ഗ്രസിന് തലവേദനയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന വിജയം കോണ്‍ഗ്രസ് നേടുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. പരമ്പരാഗത സഖ്യ കക്ഷിയായ ശിരോമണി അകാലി ദളിനെ തള്ളി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദറിനെ കൂട്ടുപിടിച്ചാണ് ബി. ജെ.പി പഞ്ചാബില്‍ അങ്കത്തിനിറങ്ങിയത്.
2017ല്‍ 77 സീറ്റ് നേടിയാണ് 10 വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തിന് കോണ്‍ഗ്രസ് അന്ത്യം കുറിച്ചത്. ആം ആദ്മി പാര്‍ട്ടി അന്ന് 20 സീറ്റ് നേടിയപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പി -എസ്.എ.ഡി സഖ്യം കേവലം 18 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. കര്‍ഷക പ്രക്ഷോഭം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച പഞ്ചാബില്‍ ഇത്തവണയും ബി.ജെ.പി വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചനം. കര്‍ഷക രോഷം തണുപ്പിക്കാന്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന യു.പിയിലെ 59 മണ്ഡലങ്ങളില്‍ 2017ല്‍ 49 സീറ്റിലും ബി.ജെ.പിക്കായിരുന്നു വിജയം. എസ്.പി ഒമ്പതു സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരിടത്ത് ഒതുങ്ങി. മായാവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എസ്. പി – ആര്‍.എല്‍.ഡി സഖ്യം വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് പ്രവചിക്കുന്നു.
എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തിലായിരുന്നു എല്ലാ കണ്ണുകളും. മെയിന്‍പുരി ജില്ലയിലെ എസ്.പിയുടെ ശക്തികേന്ദ്രമാണ് കര്‍ഹാല്‍. കേന്ദ്രമന്ത്രി എസ്.പി സിങ് ഭാഗേലിനെയാണ് ഇവിടെ ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്. 403 നിയമസഭാ സീറ്റുകളുള്ള യു.പിയില്‍ ഇതുവരെ 172 എണ്ണത്തിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.മാര്‍ച്ച് 10നാണ് യു.പിയും പഞ്ചാബും അടക്കം ജനവിധി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.