ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്‍ പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്‍ പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ് ഐ.എസ്.ഐ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത്.
സമീപഭാവിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്നാണ് മുന്നറിയിപ്പു നല്‍കുന്നത്. ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച് പാക് ഭൗമസുരക്ഷാ ഏജന്‍സിയായ (ഇ.ആര്‍.ആര്‍.എ)യാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നവംബര്‍ ഒന്നിന് നല്‍കിയ ഭൂചലന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.
പാക് ചാരസംഘടന ദൗത്യം മറന്ന് ഭൂചലന പ്രവചനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ഭൂമികുലുക്കങ്ങലെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്താനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പിക്കാനുമായി പാകിസ്താന്‍ സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.ആര്‍.എക്കിപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നുമാണ് സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നത്.
അമേരിക്കയിലെ മുന്‍ പാക് അംബാസിഡര്‍ ഹുസൈന്‍ ഹഖാനി അടക്കമുള്ളവര്‍ ഇതിനെ പരിഹസിച്ച് രംഗത്തുവന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകുമെന്ന് ഐ.എസ്.ഐ പ്രവചിച്ചുവത്രെ. ഭൂസര്‍വേയും ഭൂമികുലുക്കം പ്രവചിക്കുന്നതുമെല്ലാം ഐ.എസ്.എ ഏറ്റെടുത്തോ എന്നറിയില്ല, ഐ.എസ്.ഐയുടെ മുന്നറിയിപ്പിനെ പരിഹസിച്ച് ഹുസൈന്‍ ഹഖ്വാനി ട്വറ്ററില്‍ കുറിച്ചു.
ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാക്കിസ്താനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐ.എസ്.ഐ മേധാവിയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയാറെടുപ്പുകളും നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.