ഇസ്‌ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം 85 പേര്‍ കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ബലൂചിസ്ഥാനിലെ മസ്തംഗ് ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നവാബ്‌സാദാ സിറാജ് റെയ്‌സാനിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. സിറാജ് റെയ്‌സാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നും 85 പേരുടെ മരണം സ്ഥിരീകരിച്ചതായും ബലൂചിസ്ഥാന്‍ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ അസ്്‌ലം തരീന്‍ അറിയിച്ചു. 8-10 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25 പേരുടെ മൃതദേഹങ്ങള്‍ മസ്തംഗിലെ ആസ്പത്രില്‍ സൂക്ഷിച്ചതായും പരിക്കേറ്റവരെ ക്വറ്റയിലെ സൈനിക ആസ്പത്രിയിലും സിവില്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവരില്‍ 20 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 53 പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചതായി ക്വറ്റയിലെ സിവില്‍ ആസ്പത്രി വക്താവ് വസീം ബേഗ് അറിയിച്ചു. മുന്‍ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് അസ്്‌ലം റെയ്‌സാനിയുടെ സഹോദരനാണ് കൊല്ലപ്പെട്ട സിറാജ് റെയ്‌സാനി.
അസ്്‌ലം റെയ്‌സാനിക്കെതിരെയാണ് ഇത്തവണ അദ്ദേഹം മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയത്. നേരത്തെ 2011ല്‍ സിറാജ് ഗ്രനേഡ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഹക്മല്‍ റെയ്‌സാനി കൊല്ലപ്പെട്ടിരുന്നു. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇന്നലെ ഖൈബര്‍ പക്തൂണ്‍ ഖ്വായില്‍ നടന്ന മറ്റൊരു സ്‌ഫോടനത്തില്‍ നാലു പേരും കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂണ്‍ ഖ്വാ മുന്‍ മുഖ്യമന്ത്രി അക്രം ഖാന്‍ ദുറാനിയെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആക്രമണങ്ങളില്‍ പാകിസ്താനില്‍ ഇതുവരെ 132 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
നേരത്തെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതും തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തിലായിരുന്നു.