ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന്‍ മടങ്ങുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 315 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിനെ വെറും ആറ് റണ്‍സിന് പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് അത് മറികടക്കാന്‍ സാധിച്ചു. ഇതോടെ പാകിസ്താന്‍ സെമി കാണാതെ പുറത്തായി. നാലാം സ്ഥാനത്തുള്ള ന്യൂസിലന്റ് സെമിഫൈനലില്‍ പ്രവേശിച്ചു.
ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചിരുന്നത്. എന്നാല്‍ 96 റണ്‍സെടുത്ത ബാബര്‍ അസമും സെഞ്ച്വറി നേടിയ ഇമാം ഉള്‍ ഹഖും പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 500 റണ്‍സ് പോലും തങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്നാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ അത്ര കൂറ്റന്‍ സ്‌കോറിലേക്ക് പാകിസ്ഥാന് എത്താന്‍ സാധിച്ചില്ല.