വാഷിംഗ്ടണ്‍: പാകിസ്താന് നല്‍കി വന്നിരുന്ന 1.15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക മരവിപ്പിച്ചു. പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക് എന്നിവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. പാകിസ്താന് കനത്ത തിരിച്ചടിയുമായി അമേരിക്കയുടെ പുതിയ പ്രഖ്യാപനം.
പുതുവത്സര ദിനത്തില്‍ പാകിസ്താന് നല്‍കിവന്നിരുന്ന സൈനിക സഹായം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലയളവിനുള്ളില്‍ അമേരിക്ക 33 ബില്യണ്‍ ഡോളറാണ് പാകിസ്താന് സൈനിക സഹായമായി നല്‍കിയതെന്നും തിരികെ ലഭിച്ചത് കുറേ കള്ളങ്ങള്‍ മാത്രമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്ന പാകിസ്താനാണ് തങ്ങള്‍ സഹായം നല്‍കിവന്നിരുന്നതെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2016ല്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുശാസന പ്രകാരം പാകിസ്താന് നല്‍കാന്‍ നിശ്ചയിച്ച 225 മില്യണ്‍ ഡോളറിന്റെ വിദേശ സൈനിക ഫണ്ട് ഉള്‍പ്പെടെ 1.15 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക മരവിപ്പിച്ചിട്ടുള്ളത്. കോ അലിഷന്‍ സപ്പോര്‍ട്ട് ഫണ്ട് (സിഎസ്എഫ്) എന്ന പേരില്‍ 2017ല്‍ പാകിസ്താന് നല്‍കാന്‍ ധാരണയായ 900 മില്യണ്‍ ഡോളറും മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു.
പാകിസ്താനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെര്‍തര്‍ ന്വാവര്‍ട്ട് വ്യക്തമാക്കി. ഇനി നടപടി സ്വീകരിക്കേണ്ടത് പാക് സര്‍ക്കാരാണ്.
തീവ്രവാദത്തിനെതിരെ പാക് നടപടി സ്വീകരിക്കട്ടെ. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ജയ്ഷ നേതാവുമായ ഹാഫിസ് സെയ്ദിന് എതിരെ നടപടി പോലും സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ മുതിരുന്നില്ല. 2008ലെ മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് ആണെന്നു യുഎസിനു വ്യക്തമായി അറിയാം. വീട്ടുതടങ്കലില്‍ നിന്നു പോലും ഹാഫിസ് സെയ്ദിനെ മോചിപ്പിച്ചു. യുഎസിന്റെ അറിവ് പ്രകാരം ഇയാള്‍ക്കെതിരെ പാക് ഒരു നടപടിയും സ്വീകരിക്കില്ല. പാകിസ്താന്‍ സന്ദര്‍ശിച്ച സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ യുഎസിന്റെ തീരുമാനങ്ങളെപ്പറ്റി വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍, പാകിസ്താന്‍ അതു വകവെച്ചില്ല. ഹെര്‍തര്‍ കൂട്ടിച്ചേര്‍ത്തു.