ഇസ്‌ലാമാബാദ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ബദലായി അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ അണ്വായുധ ക്രൂയിസ് മിസൈലുമായി പാകിസ്താന്‍. 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാബര്‍- 3 മിസൈലാണ് പാകിസ്താന്‍ ഇന്നലെ വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു പരീക്ഷണം. കൃത്യതയോടെ മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചതായി പാക് പ്രതിരോധ വകുപ്പിന്റെ മാധ്യമ ബന്ധ വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് വ്യക്തമാക്കി.
അണ്ടര്‍ വാട്ടര്‍ കണ്‍ട്രോള്‍ഡ് പ്രൊപ്പല്‍ഷന്‍, അത്യാധുനിക നാവിഗേഷന്‍ സംവിധാനം, ടെറൈന്‍ ആന്റ് സീന്‍ മാച്ചിങ് സിസ്റ്റം എന്നിവയാണ് ബാബര്‍ 3 എസ്.എല്‍.സി.എമ്മിന്റെ സവിശേഷത. ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്ക് ഇവയെ എളുപ്പത്തില്‍ കണ്ടെത്താനാവില്ല. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ബാബര്‍ 3 മിസൈലെന്നും പാക് വൃത്തങ്ങള്‍ അവകാശപ്പെട്ടു. പ്രതിരോധ രംഗത്ത് പുത്തന്‍ നാഴികക്കല്ലാകുന്ന മിസൈല്‍ വിക്ഷേപണ വിജയത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അനുമോദിച്ചു.