ന്യൂഡല്‍ഹി: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുളള നിര്‍ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. വിട്ടയച്ച മഹമൂദ് അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും എത്രയും വേഗം ഇയാളെ പാകിസ്താനിലേക്ക് പറഞ്ഞയക്കണമെന്നും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു.മഹ്മൂദ് അക്തറിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് കരുതുന്ന മറ്റ് രണ്ടുപേരെകൂടി രാജസ്ഥാനില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നുരാവിലെയാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫിസിലെ സ്റ്റാഫായ മെഹമൂദ് അക്തറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പാക് ഹൈക്കമ്മീഷണറായ അബ്ദുള്‍ ബാസിതിന് കീഴിലാണ് മെഹമൂദ് അക്തര്‍ ജോലി ചെയ്തിരുന്നത്. ഇയാളുടെ കൈയില്‍ നിന്നും പ്രതിരോധ രേഖകള്‍ പിടികൂടിയെന്നും ചാരവൃത്തിക്കാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു ഡല്‍ഹി പൊലീസ് അറിയിച്ചത്. ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചാണക്യപുരി പൊലീസ് സ്‌റ്റേഷനിലാണ് ഹാജരാക്കിയത്.
തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും പാക് ഹൈക്കമ്മീഷണറെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് നയതന്ത്ര പരിരക്ഷയുളളതിനാല്‍ കസ്റ്റഡിയില്‍ എടുത്ത മെഹമൂദ് അക്തറിനെ വിട്ടയക്കുകയും എത്രയും വേഗം ഇന്ത്യയില്‍ നിന്നും ഇയാളെ പറഞ്ഞയക്കണമെന്നും ഇന്ത്യ അബ്ദുള്‍ ബാസിതിനോട് ആവശ്യപ്പെട്ടു.