പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയുടെ കുടുംബത്തിന്റെ സ്വത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്.വിരമിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ്, പാകിസ്ഥാനിലെ പ്രബല വ്യക്തിത്വങ്ങളില്‍ ഒരാളായ ബാജ്വയുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഫാക്ട് ഫോക്കസ് വെബ്സൈറ്റിന് വേണ്ടി പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് നൂറാനി നടത്തിയ അന്വേഷണത്തിലാണ് സൈനിക മേധാവിയുടെ ക്രമാതീതമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുന്നത്. ബാജ്വയുടെ ഭാര്യ ആയേഷ അംജദ്, മരുമകള്‍ മന്‍ഹൂര്‍ സബീര്‍, അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരുടെ സ്വത്ത് വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്.
ആറ് വര്‍ഷത്തിനിടെ ഈ കുടുംബം അന്താരാഷ്ട്ര ബിസിനസുകള്‍ ആരംഭിക്കുകയും വിദേശ രാജ്യങ്ങളിലും പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലുമടക്കം നിരവധി ഭൂമി ഇടപാടുകള്‍ നടത്തുകയും കൊമേഴ്സ്യല്‍ പ്ലാസകള്‍, ഫാം ഹൗസുകള്‍ അടക്കമുള്ളവ നിര്‍മ്മിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമാബാദിയും കറാച്ചിയിലും കുടുംബത്തിന് വലിയ ഫാം ഹൗസുകള്‍ ഉണ്ട്. ലാഹോറില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ നടത്തുന്നതായും പാകിസ്ഥാനിലും പുറത്തുമായി 1270 കോടിയ്ക്ക് മുകളില്‍ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ല്‍ നല്‍കിയ സ്വത്ത് വിവരക്കണക്കില്‍, ലാഹോറില്‍ കൊമേഷ്യല്‍ പ്ലോട്ടുണ്ടെന്ന് ബാജ്വ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തനിക്ക് മുന്‍പേയുള്ള സ്വത്താണെന്നും നേരത്തെ വിവരം നല്‍കാന്‍ മറന്നതാണെന്നും ബാജ്വ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫാക്ട് ഫോക്കസ് വെബ്സൈറ്റ് പാകിസ്ഥാനില്‍ നിരോധിച്ചെന്നും വിപിഎന്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ കയറാന്‍ സാധിക്കുമെന്നും മാധ്യമസ്ഥാപനം ട്വീറ്റ് ചെയ്തു. സെന്‍സര്‍ഷിപ്പിന് എതിരെ പോരാടുമെന്നും ഫാക്ട് ഫോക്കസ് കുറിച്ചു.