X

പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന് (പിഎംഎല്‍എന്‍) 64 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.
വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 38 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇമ്രാന്‍ ഖാന്‍ മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലും അദ്ദേഹം മുന്നിട്ടുനില്‍ക്കുകയാണ്.

പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്ലിസെ അമല്‍ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവര്‍ 27 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇതോടെ പാകിസ്താനില്‍ ത്രിശങ്കുസഭയ്ക്കുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പി.പി.പിയുടെ നിലപാട് പാക് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

വോട്ടെണ്ണലിനായി പുതിയ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫലം അനിശ്ചിതമായി വൈകുകയാണ്. സാങ്കേതിക തകരാര്‍ മൂലമാണു ഫലം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണവും അവര്‍ നിഷേധിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ എതിര്‍പ്പുമായി ഷെരീഫിന്റെ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

chandrika: