തോഷഖാന കേസില്‍ പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നു വര്‍ഷം തടവുശിക്ഷ. ഇസ്‌ലാമാബാദിലെ വിചാരണ കോടതിയുടെതാണ് വിധി. കോടതി വിധിക്കു പിന്നാലെ ഇംറാനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്തു. കേസില്‍ ഇംറാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.
പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ കുറ്റം. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാക്കിസ്താന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും ആതിഥേയരില്‍ നിന്നും 6,35000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ ഇമ്രാന്‍ ഖാന്‍ വാങ്ങിയതായാണ് കണ്ടെത്തല്‍. തടവിനൊപ്പം ഇംറാന്‍ ഖാന്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയടക്കാത്തപക്ഷം ആറുമാസം കൂടി തടവ് ശിക്ഷയനുഭവിക്കേണ്ടി വരും.