X

പാക് പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി സുഷമ സ്വരാജ്‌

ന്യൂഡല്‍ഹി: ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി ഇന്ത്യന്‍ മാതൃക.

ചണ്ഡീഗഡില്‍ നടന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ പരിഭ്രാന്തിയിലായ പാക്കിസ്ഥാന്‍ പെണ്‍കുട്ടികളെ കുറിച്ചറിഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഉടനടി ആശ്വാസ വാക്കുകളുമായെത്തിയത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 27നാണ് 19 പെണ്‍കുട്ടികളും ഒരു പുരുഷ സഹായിയുമടങ്ങുന്ന 20 അംഗ പാക്കിസ്ഥാനി സംഘം സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയത്.

പാക്കിസ്ഥാനിലെ വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച സമാധാന സന്ദേശങ്ങളും ഗ്രീറ്റിങ് കാര്‍ഡുകളുമായി സമ്മേളനത്തിയ സംഘം, കഴിഞ്ഞ് ഒക്ടോബര്‍ 3ന് മടങ്ങുന്ന രീതിയിലായിരുന്നു പരിപാടി.

എന്നാല്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ പാക്-ഇന്ത്യ പോര് മുറുകിയ സാഹചര്യത്തില്‍ ഇവര്‍ക്ക് എന്ന് തിരികെ മടങ്ങാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതായി.

തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഘത്തിലെ മുതിര്‍ന്ന പെണ്‍കുട്ടി അലിയ ഹരീര്‍ വിഷയം ട്വിറ്റ്വറില്‍ ട്വീറ്റ് ചെയ്ത്. ട്വിറ്റ്വറില്‍ അലിയ സംഭവങ്ങള്‍ സുഷമ സ്വാരാജുമായി പങ്കുവെക്കുകയും ചെയ്തു.

ഇതിന് പിന്നാലെയായിരുന്നു മന്ത്രി സുഷമ സ്വാരാജിന്റെ ട്വീറ്റ് എത്തിയത്. പെണ്‍മക്കള്‍ക്ക് അതിര്‍ത്തിയില്ലെന്നും അവര്‍ എല്ലാവരുടേതുമാണെന്നായിരുന്നു സുഷമയുടെ പ്രതികരണം. ഇന്ത്യയില്‍ അതിഥിയായി എത്തിയവരെല്ലാം രാജ്യത്തിന്റെ ഭാഗമാണെന്നും അവരെ ദൈവത്തെ പോലെ സല്‍ക്കരിക്കുമെന്നും  നല്ല സന്തോഷത്തോടെ തന്നെ നാട്ടിലേക്കു തിരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സംഘത്തിന്റെ മടക്ക യാത്ര അനിശ്ചിതത്വത്തിലാവുകയും ഇവരുടെ യാത്രയ്ക്കു വേണ്ടി മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുകളും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയ വിവരം അലിയ ട്വീറ്റ് ചെയ്തു.

Web Desk: