ലാഹോര്‍: പാക്കിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞ അഞ്ച് മാസമായി കളിക്കുന്നത് പ്രതിഫലമില്ലാതെ. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് വരെ താരങ്ങള്‍ക്ക് പ്രതിഫലമോ കരാര്‍ പ്രകാരമുള്ള വേതനമോ നല്‍കിയിട്ടില്ലെന്നാണ് വലിയ പരാതി. ലോകകപ്പിന്റെ ഭാഗമായി ഇപ്പോള്‍ പാക്കിസ്താന്‍ താരങ്ങളെല്ലാം ഇന്ത്യയിലാണ്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളിലെ വിജയത്തിന് ശേഷം മൂന്ന് മല്‍സരങ്ങള്‍ തോറ്റ് സെമി കാണാതെ പുറത്താവുന്ന ഘട്ടത്തിലാണ്. അവശേഷിക്കുന്ന നാല് മല്‍സരങ്ങള്‍ ജയിച്ചാലും സെമി സാധ്യത മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
നായകന്‍ ബബര്‍ അസമിന്റെ നിലപാടുകള്‍ക്കെതിരെ പി.സി.ബിയിലെ ചിലരും മുന്‍ താരങ്ങളും സംസാരിക്കുന്നതിനിടെയാണ് ദേശീയ താരങ്ങള്‍ക്ക് പ്രതിഫലം നിഷേധിക്കപ്പെട്ട കാര്യം പരസ്യമായത്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെത്തിയവരാണ് ബബറും സംഘവും. നല്ല തുടക്കവും കിട്ടി. എന്നാല്‍ അഹമ്മദാബാദില്‍ ഇന്ത്യക്കെതിരായ മല്‍സരത്തിലെ ദയനീയ തോല്‍വിക്ക് ശേഷം ടീം മാനസികമായി തകര്‍ന്നു. ഓസ്ട്രേലിയക്കെതിര പൊരുതി തോറ്റു. അഫ്ഗാനിതെരെയും തകര്‍ന്നതോടെ ക്യാപ്റ്റനെ മാറ്റുമെന്ന സൂചനയും പി.സി.ബി നല്‍കി. പക്ഷേ താരങ്ങളുടെ സങ്കടം ആരുമറിയുന്നില്ല.