X

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് പാക്കിസ്താനും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ലോകകപ്പിലെ ആദ്യ പോരാട്ടം. പാക്കിസ്താനും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. ഇന്ത്യയില്‍ നിന്നേറ്റ വമ്പന്‍ തോല്‍വിക്ക് പിറകെ നാട്ടില്‍ വിമര്‍ശകരുടെ നടുവിലാണ് ബബര്‍ അസമും സംഘവും. അവരെ ശാന്തരാക്കാനും നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിക്കാനും ഇന്ന് ഓസീസുകാരെ വീഴ്ത്തണം.

ആദ്യ രണ്ട് കളികളില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയക്കാര്‍ മൂന്നാം മല്‍സരത്തില്‍ ശ്രീലങ്കക്കാരെ കശക്കി കരുത്ത് തെളിയിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും തോല്‍വി ആലോചിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ പോരാട്ടം കനക്കും. ആദ്യ രണ്ട് കളികളും വിജയിച്ച പാക്കിസ്താനാണ് ടേബിളില്‍ ഓസ്‌ട്രേലിയക്കാരെക്കാള്‍ മുന്നില്‍. നെറ്റ് റണ്‍റേറ്റിലും അവര്‍ തന്നെ. പക്ഷേ ബബര്‍ സംഘം സമ്മര്‍ദ്ദത്തില്‍ തളരാറുണ്ട്. അതാണ് തലവേദന. ബാറ്റര്‍മാര്‍ വിശ്വാസ്യത കാട്ടുമ്പോള്‍ ബൗളിംഗാണ് നിലവാരത്തിനൊത്തുയരാത്തത്. ഷഹിന്‍ ഷാ അഫ്രീദിയിലായിരുന്നു ടീമിന്റെ വലിയ പ്രതീക്ഷ. പക്ഷേ ഇത് വരെ ഇടം കൈയ്യന്‍ സീമര്‍ക്ക് വിക്കറ്റ് വേട്ടക്കായിട്ടില്ല. നസീം ഷാ പരുക്കില്‍ പുറത്തായപ്പോള്‍ ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവര്‍ക്കും പ്രതിയോഗികളെ പേടിപ്പിക്കാനാവുന്നില്ല. സ്പിന്നിന് പേരുകേട്ടവരാണ് പാക്കിസ്താന്‍. പക്ഷേ മുഹമ്മദ് നവാസും ഷദാബ് ഖാനുമെല്ലാം ശരാശരിക്കാര്‍. ഓസീസിന് പ്രശ്‌നം പക്ഷേ ബാറ്റിംഗാണ്. മിച്ചല്‍ മാര്‍ഷ് അവസാന മല്‍സരത്തില്‍ ഫോമിലെത്തി. അപ്പോഴും ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലബുഷാനേയുമെല്ലാം നിരാശപ്പെടുത്തുന്നു. സ്പിന്നര്‍ ആദം സാംപയായിരുന്നു ലങ്കക്കെതിരായ മല്‍സരത്തിലെ ഹീറോ. ചിന്നസ്വാമിയില്‍ സ്പിന്‍ നിര്‍ണായകമാണെന്നിരിക്കെ സാംപക്ക് ഇന്നും വലിയ റോളുണ്ടാവും. നായകന്‍ പാറ്റ് കമിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരായിരിക്കും പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് നായകത്വം വഹിക്കുക. മല്‍സരം രണ്ട് മണി മുതല്‍.

webdesk11: