X
    Categories: indiaNews

കശ്മീരില്‍ പാകിസ്ഥാന്റെ ക്വാഡ്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

ശ്രീനഗര്‍: പാകിസ്ഥാന്റെ ക്വാഡ്കോപ്റ്റര്‍ എന്ന് ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ശനിയാഴ്ച ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഖേരന്‍ സെക്ടറിലാണ് പാക് സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടത്.

നിയന്ത്രണ രേഖ കടന്ന ക്വാഡ്കോപ്റ്റര്‍ രാവിലെ 8.30 ഓടെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങല്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മിച്ച മാവിക് 2 പ്രോ മോഡല്‍ ക്വാഡ്കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്.

പാക് ഭീകരരും ബോര്‍ഡര്‍ ആക്ഷന്‍ ടീമും നുഴഞ്ഞു കയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത് ക്വാഡ്കോപ്റ്റര്‍ എത്തിയത്. പാകിസ്താന്‍ അടുത്തിടെ ചൈനയില്‍ നിന്നും ധാരാളം ഡ്രോണുകള്‍ വാങ്ങിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മയക്കുമരുന്ന് എന്നിവ ഇന്ത്യന്‍ ഭാഗത്തേക്ക് കടത്താനാണ് പ്രധാനമായും ഈ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്.

മഞ്ഞു വീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞു കയറ്റം നടത്താനാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ശ്രമം. നിരന്തര ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്തിടെ പറഞ്ഞിരുന്നു.

 

chandrika: