ഇസ്‌ലാമാബാദ്: പ്രധാനമന്ത്രിമാര്‍ക്ക് ഇരിപ്പുറക്കാത്ത പാക് രാഷ്ട്രീയത്തില്‍ ഇനി ഷഹബാസ് ഷരീഫിന്റെ ഊഴം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് സമ്മേളിക്കാനിരിക്കെ, പാകിസ്താന്‍ മുസ്‌ലിംലീഗ് (നവാസ് ഷരീഫ്- പി.എം.എല്‍-എന്‍) നേതാവ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി സംയുക്ത പ്രതിപക്ഷം നിര്‍ദേശിച്ചു. തൊട്ടു പിന്നാലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി ഷഹബാസ് ഷരീഫ് പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
ഞായറാഴ്ച പുലരുവോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് നിലവിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാക് ദേശീയ അസംബ്ലി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. 342 അംഗ ദേശിയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. ഇമ്രാന്‍ ഖാന്റെ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 അംഗങ്ങളുടെ പിന്തുണയോടെ സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാസാകുകയായിരുന്നു.
ഇതോടെ പാകിസ്താന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ നീക്കം ചെയ്യപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറി. തൊട്ടു പിന്നാലെ തന്നെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പ്രതിപക്ഷം ഇന്നലെ യോഗം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. തന്നെ ദൗത്യമേല്‍പ്പിക്കുന്നതിന് ഷഹബാസ് ഷരീഫ് രാഷ്ട്രീയ നേതൃത്വത്തെ നന്ദി അറിയിച്ചു. അതേസമയം അധികാരമാറ്റത്തിനു വേണ്ടിയുള്ള രാജ്യാന്തര ഗൂഢാലോചനക്കെതിരായ സ്വാതന്ത്ര്യ സമരം തുടങ്ങുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.