ഇസ്‌ലാമാബാദ്: സഊദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന്റെ തീരുമാനം. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സഊദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിലേര്‍പ്പെടാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സഊദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. മറ്റ് രാജ്യങ്ങളുടെ പ്രാദേശിക തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ടാണ് പാകിസ്താന്റെ ചുവട് വയ്പ്. 2015 മുതല്‍ സൗദി പാകിസ്താനോട് സേനയെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാസഹകരണ ത്തിന്റെ ഭാഗമായാണ് പുതിയ നയമെന്ന് പാകിസ്താന്‍ അറിയിച്ചു. ഉപദേശ-നിര്‍ദേശ മേല്‍നോട്ടമെന്ന നിലയിലാണ് പാക് സൈന്യത്തിന്റെ സേവനം സഊദിക്ക് ലഭിക്കുകയെന്നാണ് പാകിസ്താന്‍ പറഞ്ഞിരിക്കുന്നതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പാകിസ്താനി ട്രൂപ്പുകളെ സഊദിയില്‍ വിന്യസിക്കുമെന്നാണ് വിവരം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡോണ്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ഈ മാസം സഊദി സന്ദര്‍ശിക്കുകയും രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനുമായും സൈനിക തലവനുമായും ചര്‍ച്ച നടത്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം.
അതേസമയം, സൈന്യത്തെ അയക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സെനറ്റര്‍ ഫാര്‍ത്തുല്ലാ ബാര്‍ബര്‍ രംഗത്തെത്തി. ഇത് പ്രാധാന്യമേറിയതാണെന്നും വിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭവിഷ്യത്തുകള്‍ക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
സഊദിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാക് തീരുമാനം
Tags: Pak Troopssaudi