മുഹമ്മദ് ബഷീര്‍
പ്രധാനമന്ത്രിമാര്‍ വാഴാത്ത പാക് രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ഭരണമാറ്റം. ഷഹബാസ് ഷരീഫാണ് പുതിയ പ്രധാനമന്ത്രി. ഞായറാഴ്ച പുലരുവോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് നിലവിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാക് ദേശീയ അസംബ്ലി അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കിയത്. മൂന്ന് വര്‍ഷവും ഏഴ് മാസവും അധികാരത്തിലിരുന്ന ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ നീക്കം ചെയ്യപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി മാറി.
220 ദശലക്ഷത്തിലധികം ജനങ്ങളുള്ള, പടിഞ്ഞാറ് അഫ്ഗാനിസ്താനും വടക്കുകിഴക്ക് ചൈനയും കിഴക്ക് ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. 2018ല്‍ അധികാരത്തില്‍ വന്നതിനുശേഷം, ഖാന്റെ വാക്കുകള്‍ കൂടുതല്‍ അമേരിക്കന്‍ വിരുദ്ധമായി മാറിയിരുന്നു. യുക്രെയ്ന്‍ അധിനിവേശ ദിനമായ ഫെബ്രുവരി 24ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ, ചൈനയുമായും അടുത്തിടെ റഷ്യയുമായും അടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം, പാകിസ്താന്റെ ശക്തമായ സൈന്യം വിദേശ നയങ്ങളും പ്രതിരോധ നയങ്ങളും പരമ്പരാഗതമായി നിയന്ത്രിക്കുന്നുണ്ടെന്നും എന്നാല്‍ ഖാന്റെ മൂര്‍ച്ചയുള്ള പൊതു വാക്ചാതുര്യം നിരവധി പ്രധാന ബന്ധങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും യു.എസ്, ഏഷ്യന്‍ വിദേശ നയ വിദഗ്ധര്‍ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായതിനാല്‍ ഉണ്ടാകുന്ന പ്രക്ഷോഭം പാകിസ്താനുമായി അടുത്തിടപഴകുന്ന രാജ്യങ്ങള്‍ എങ്ങനെ കാണുന്നുവെന്ന് കണ്ടറയിണം. അതില്‍ ഏറ്റവും പ്രധാനമാണ് ഇന്ത്യയുടെ നീക്കം. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആണവ സായുധരായ അയല്‍രാജ്യങ്ങള്‍ മൂന്ന് യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ രണ്ടും കശ്മീരിനെച്ചൊല്ലിയാണ്. അഫ്ഗാനിസ്താനിലെന്നപോലെ, സെന്‍സിറ്റീവ് ഏരിയയിലെ നയങ്ങള്‍ നിയന്ത്രിക്കുന്നത് പാകിസ്താന്‍ സൈന്യമാണ്. കൂടാതെ 2021 ന് ശേഷമുള്ള അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ ഏറ്റവും കുറഞ്ഞ നിലയിലാണ്. എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലികള്‍ക്കെതിരായ ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഖാന്റെ തീവ്ര വിമര്‍ശനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അവിശ്വാസം കാരണം വര്‍ഷങ്ങളായി ഔപചാരിക നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല. കശ്മീരിലെ വിജയകരമായ വെടിനിര്‍ത്തല്‍ ഉറപ്പിക്കാന്‍ പാകിസ്താന്‍ സൈന്യത്തിന് ഇസ്‌ലാമാബാദിലെ പുതിയ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകും. ഇന്ത്യ സമ്മതിച്ചാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ട്‌പോകാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഷരീഫ് കുടുംബം വര്‍ഷങ്ങളായി ഇന്ത്യക്കെതിരായ നിരവധി ദുഷ്പ്രവണതകളുടെ മുന്‍നിരയിലാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ സ്വീകരിക്കുന്ന നിലപാടിനനുസരിച്ചിരിക്കും ഇന്ത്യയുമായുള്ള ബന്ധം.
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ബാധിക്കുക അഫ്ഗാനിസ്ഥാനെയായിരിക്കും. പാകിസ്താന്റെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയും താലിബാനും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ അയഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ വീണ്ടും അധികാരത്തില്‍ വരികയും പണത്തിന്റെ അഭാവവും അന്താരാഷ്ട്ര ഒറ്റപ്പെടലും കാരണം സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധി നേരിടുകയാണ് ആ രാജ്യം. ഖത്തറാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പങ്കാളി. ‘ഞങ്ങള്‍ക്ക് (അമേരിക്കക്ക്) താലിബാന്റെ വഴികാട്ടിയായി പാകിസ്താനെ ആവശ്യമില്ല. ഖത്തര്‍ തീര്‍ച്ചയായും ആ പങ്ക് വഹിക്കുന്നുണ്ടെ’ ന്നാണ് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതികരിച്ചത്. അതിര്‍ത്തിയില്‍ പരസ്പര ആക്രമണങ്ങളില്‍ നിരവധി സൈനികരെ നഷ്ടപ്പെട്ട താലിബാനും പാകിസ്താന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ താലിബാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ പാകിസ്താനിലേക്ക് അക്രമം വ്യാപിപ്പിക്കുമെന്ന് പാകിസ്താന് ആശങ്കയുണ്ട്. എന്നാല്‍ പാകിസ്താന്‍ ഭയപ്പെട്ടതുപോലെ അത് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. മിക്ക വിദേശ നേതാക്കളേയും പോലെ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ഇമ്രാന്‍ഖാന്‍ താലിബാനെ വിമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ചൈനയാണ് മറ്റൊരു അയല്‍രാജ്യം. പാകിസ്താനിലും ലോകമെമ്പാടും ചൈനയുടെ പോസിറ്റീവ് റോളിനെ ഖാന്‍ സ്ഥിരമായി ഊന്നിപ്പറയുന്നു. അതേസമയം, 60 ബില്യണ്‍ ഡോളറിന്റെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അയല്‍രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതിന് ചുക്കാന്‍ പിടിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സര്‍ക്കാരില്‍ അധികാരം പങ്കിടാന്‍ ഒരുങ്ങുന്നുമുണ്ട്. മൂന്ന് തവണ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരന്‍ പഞ്ചാബിന്റെ കിഴക്കന്‍ പ്രവിശ്യയുടെ നേതാവെന്ന നിലയില്‍ ചൈനയുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയം ഒഴിവാക്കിക്കൊണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രശസ്തി യഥാര്‍ഥത്തില്‍ ബീജിംഗിന്റെ കാതുകളില്‍ സംഗീതമായേക്കാം.
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയുമായുള്ള അശാന്തിയിലോക്കോ വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തിലേക്കോ നയിച്ചില്ലെങ്കില്‍, ഇപ്പോള്‍ യുക്രെയ്‌നിലെ യുദ്ധവുമായി പൊരുതുന്ന പ്രസിഡന്റ് ജോ ബൈഡന്‍ പ്രാധാന്യം നല്‍കാനുള്ള സാധ്യതയില്ലെന്ന് യു.എസ് ആസ്ഥാനമായുള്ള ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ പറയുന്നു. ‘വറുക്കാന്‍ ഇനിയും ധാരാളം മത്സ്യങ്ങളുണ്ടെന്നാണ്’ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തിങ്ക്താങ്കിന്റെ സീനിയര്‍ അസോസിയേറ്റ് ആയ സൗത്ത് ഏഷ്യയുടെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി റോബിന്‍ റാഫേല്‍ പറഞ്ഞത്. പാകിസ്താന്‍ സൈന്യം വിദേശ നയങ്ങളുടെയും സുരക്ഷാനയങ്ങളുടെയും പിന്നാമ്പുറ നിയന്ത്രണം നിലനിര്‍ത്തുന്നതിനാല്‍, ഭരണമാറ്റം വലിയ ആശങ്കയുണ്ടാക്കിയില്ലെന്ന് ചില വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഖാന്റെ മോസ്‌കോ സന്ദര്‍ശനം യു.എസ് ബന്ധത്തിന്റെ കാര്യത്തില്‍ ‘ദുരന്തം’ ആയിരുന്നുവെന്നും ഇസ്‌ലാമാബാദിലെ പുതിയ സര്‍ക്കാരിന് ‘ഒരു പരിധിവരെ’ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കാനാകുമെന്നും റോബിന്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു. സമീപകാല മോസ്‌കോ യാത്ര തന്നെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടതായുള്ള ഇമ്രാന്‍ഖാന്റെ പ്രസ്താവന അമേരിക്ക നിഷേധിക്കുകയാണ്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അമേരിക്കയെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും റാഫേല്‍ തുടര്‍ന്നു.
പാക് പട്ടാള നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഷഹബാസ് ഷരീഫ്. പ്രധാനമന്ത്രിയെന്ന നിലയില്‍ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കും. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഷരീഫ് പറയുന്നു. അതേസമയം, 1947ല്‍ പാകിസ്താന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും യഥാര്‍ഥ സ്വാതന്ത്ര്യ സമരം ഇപ്പോഴാണ് തുടങ്ങിയതെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന ദുസ്സൂചനയാണ്. ഭരണമാറ്റത്തിനുവേണ്ടിയുള്ള വിദേശ ഗൂഢാലോചനക്കെതിരെ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം സമരം ആരംഭിച്ചതായും ഇമ്രാന്‍ വ്യക്തമാക്കി.