X

പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി: പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രിയാകാനുള്ള ഇംറാന്‍ ഖാന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണെമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. രാജ്യത്ത് വീണ്ടും സുതാര്യമായ തെരഞ്ഞെടുപ്പു നടത്തണമെന്ന് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നടത്തിയ നിലപാട് മാറ്റവും ശ്രദ്ധേയമായി. മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 1.686 കോടി വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍എന്നിന് 12.89 കോടി വോട്ടുകള്‍ ലഭിച്ചു.

അതേസമയം, പ്രതിപക്ഷത്തിന്റെ നിലപാടുകളെ ഇംറാന്‍ ഖാന്‍ തള്ളികളഞ്ഞു. സര്‍ക്കാര്‍ രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ഖാന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ചെറു പാര്‍ട്ടികളുടെ നേതാക്കളുമായി ഖാന്‍ കൂടികാഴ്ച നടത്തി. സ്വതന്ത്രന്മാരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. ഇവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഖാന്റെ നീക്കം. പാകിസ്താനിലെ തെരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സംഘടന ഇലക്ഷന്‍ കമ്മിഷനെ അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കമ്മിഷനൊപ്പം നിലയുറപ്പിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം ഇന്നാണ് പ്രഖ്യാപിക്കാനായത്. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്‌നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കി.

chandrika: