മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള രാഷ്ട്രീയ വിവാദത്തില്‍ ബോളിവുഡ് നടി കങ്കണ റണാവട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്‍. മുംബൈയെ പാകിസ്താന്‍ ആയും പാക് അധീന കശ്മീര്‍ ആയും വിശേഷിപ്പിച്ചതാണ് പാക് പൗരന്മാരെ ചൊടിപ്പിച്ചത്. വിവാദത്തിലേക്ക് തങ്ങളുടെ രാഷ്ട്രത്തെ വലിച്ചിഴക്കുന്നത് എന്തിനാണ് എന്നാണ് അവര്‍ ചോദിക്കുന്നത്.
കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് എതിരെയാണ് അവര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ‘ഞാനൊരിക്കലും തെറ്റുകാരി ആയിരുന്നില്ല. അതു കൊണ്ടാണ് എന്റെ മുംബൈ ഇന്ന് പാകിസ്താനായി മാറിയത്’- എന്നായിരുന്നു അവരുടെ ട്വീറ്റ്. നേരത്തെ, മുംബൈ താമസിക്കാന്‍ പറ്റാത്ത ഇടമാണ് എന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ താമസിക്കേണ്ടതില്ല എന്ന് ശിവസേനാ നേതാവ് ഉദ്ധവ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണയും സേനയും തമ്മിലുള്ള വാക് പോര് കനത്തത്.
പാകിസ്താനിലെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കങ്കണയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. നിങ്ങളുടെ നാടകത്തില്‍ ഞങ്ങള്‍ക്കെന്തു കാര്യം എന്നാണ് പാക് കൊമേഡിയന്‍ സറാര്‍ ഖുറോ ചോദിച്ചത്. ഞങ്ങളുടെ രാജ്യത്തിന്റെ പേര് വലിച്ചിഴക്കാതെ നിങ്ങളുടെ രാഷ്ട്രീയ യുദ്ധം ചെയ്‌തോളൂ എന്ന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തു.