X

അവസാന ടി20യില്‍ പാകിസ്താന് ദയനീയ തോല്‍വി, പരമ്പര തൂത്തുവാരി ആസ്‌ട്രേലിയ

അവസാനത്തെ  ട്വന്‍റി20യിലും ആധികാരിക ജയത്തോടെ പാകിസ്താനെതിരായ പരമ്പരയിൽ സമ്പൂർണ വിജയം (3-0) പിടിച്ച് ആസ്ട്രേലിയ. 18.1 ഓവറിൽ പാകിസ്താൻ നിരയെ 117 റൺസിന് പുറത്താക്കിയ ഓസീസ്, 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്തു.

27 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന മർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയുടെ ജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുമായി ആരോൺ ഹാർഡിയും ഓസീസിനായി തിളങ്ങി. സ്റ്റോയിനിസ് കളിയിലെ താരമായപ്പോൾ സ്പെൻസർ ജോൺസൻ പരമ്പയിലെ താരമായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ ബാബർ അസം (28 പന്തിൽ 41) മാത്രമാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ ഹസീബുല്ല ഖാൻ (19 പന്തിൽ 24), ഇർഫാൻ ഖാൻ (എട്ട് പന്തിൽ 10), ഷഹീൻ അഫ്രീദി (12 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ.

ഒരുഘട്ടത്തിൽ ഒന്നിന് 61 എന്ന നിലയിലായിരുന്ന പാകിസ്താന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ അനുവദിക്കാതെ പാക് നിരയെ ഓസീസ് ബോളർമാർ വരിഞ്ഞുകെട്ടി. 19-ാമത്തെ ഓവറിലെ ആദ്യ പന്തിൽ പാകിസ്താന്‍റെ ഇന്നിങ്സ് അവസാനിച്ചു. ഹാർഡി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, സ്പെൻസർ ജോൺസൻ, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് തകർത്തടിച്ചതോടെ എളുപ്പത്തിൽ വിജയത്തിലെത്താനായി. മാറ്റ് ഷോർട്ട് (രണ്ട്), ജേക് ഫ്രേസർ (11 പന്തിൽ 18), ജോഷ് ഇംഗ്ലിസ് (24 പന്തിൽ 27) എന്നിവരാണ് പുറത്തായത്.

അതിവേഗം ബാറ്റ് വീശിയ സ്റ്റോയിനിസ് 24 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. ആകെ 27 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 61 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. മൂന്ന് പന്തിൽ ഏഴ് റൺസ് നേടിയ ടിം ഡേവിഡും പുറത്താകാതെ നിന്നു. സ്റ്റോയിനിസിന്‍റെ ബാറ്റിന്‍റെ ചൂട് പാക് ബോളർമാർ തിരിച്ചറിഞ്ഞ ദിനം കൂടിയായി ഇന്ന്. സ്റ്റാർ പേസർ ഷഹീൻ അഫ്രീദി മൂന്ന് ഓവറിൽ 43 റൺസാണ് വഴങ്ങിയത്.

നേരത്തെ ഏഴ് ഓവറായി ചുരുക്കിയ ഒന്നാം ടി20യിൽ 29 റൺസിനാണ് ഓസീസ് ജയിച്ചത്. 94 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിൽ 13 റൺസിനാണ് ആസ്ട്രേലിയ ജയം പിടിച്ചത്. 148 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താൻ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത സ്പെൻസർ ജോൺസനാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പരമ്പരയിലാകെ ജോൺസൻ എട്ട് വിക്കറ്റാണ് നേടിയത്.

webdesk13: