X

പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യത: എഫ്.എ.ടി.എഫ്


വാഷിങ്ടണ്‍: പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യത ഏറെയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്(എഫ്.എ.ടി.എഫ്) പ്രസിഡന്റ് മാര്‍ഷല്‍ ബില്ലിങ്സ്ലീ അറിയിച്ചു. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ എഫ്.എ.ടി.എഫിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു.
ഒക്ടോബറില്‍ പാരിസില്‍ നടക്കുന്ന യോഗത്തിന് ശേഷം പാകിസ്താന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന് ചെയ്തു തീര്‍ക്കാന്‍ ഏറെയുണ്ടെന്ന് ബില്ലിങ്സ്ലീ ചൂണ്ടിക്കാട്ടി.
ഓര്‍ലാന്‍ഡോയില്‍ എഫ്.എ.ടി.എഫ് പ്ലീനറിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.എ.ടി.എഫ് കര്‍മ പദ്ധതി പാലിക്കാന്‍ പാകിസ്താന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ചൈന, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സിലും പ്ലീനറിയില്‍ ആവശ്യപ്പെട്ടു.
പാകിസ്താനെ ഗ്രേ പട്ടികയില്‍നിന്ന് നീക്കാന്‍ എഫ്.എ.ടി.എഫ് 27 കര്‍മപദ്ധതികള്‍ മുന്നോട്ടുവെച്ചിരുന്നു. അതില്‍ 25 എണ്ണവും പാലിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്നാണ് എഫ്/.എ.ടി.എഫ് പ്ലീനറിയുടെ വിലയിരുത്തല്‍. നിര്‍ദേശങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കാന്‍ ഒക്ടോബര്‍ വരെ പാകിസ്താന് സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഇറാനും ഉത്തരകൊറിയയും മാത്രമാണ് എഫ്.എ.ടി.എഫ് കരിമ്പട്ടികയിലുള്ളത്.
സാമ്പത്തികമായി ഏറെ ഒറ്റപ്പെടാന്‍ ഇത് കാരണമാകും. അന്താരാഷ്ട്ര നാണ്യനി ധി(ഐ.എം.എഫ്)യും ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും പാകിസ്താനെ തരം താഴ്ത്തും.
ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡീസ്, എസ് ആന്റ് പി, ഫിച്ച് എന്നിവയും കരമ്പട്ടികയില്‍ പെടുന്ന രാജ്യത്തിനള്ള ക്രെഡിറ്റ് റേറ്റിങ് താഴത്തും. അത്തരമൊരു സാഹചര്യം പാകിസ്താനെ സാമ്പത്തികമായി ഏറെ പരുങ്ങലിലാക്കും.
കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സും ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, മദ്രസകള്‍, ആശുപത്രികള്‍, ആംബുലന്‍സ് സര്‍വീസ് എന്നിവക്ക് സര്‍ക്കാര്‍ 70 കോടി ഡോളര്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തിയോയെന്നതില്‍ പാകിസ്താനോട് എഫ്.എ.ടി.എഫ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

web desk 1: