പാകിസ്താനിലെ രാഷ്ട്രീയക്കളി ഏറെ ഉദ്വേഗത്തോടെയാണ് ലോകം കണ്ടുനിന്നത്. അവസാന പന്തില്‍ അടിയറവ് പറഞ്ഞ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കളത്തിനു പുറത്തു പോകുമ്പോഴും ജിജ്ഞാസ വിട്ടൊഴിയുന്നില്ല. പാകിസ്താന്റെ ജാതകത്തോട് ഒട്ടിനില്‍ക്കുന്ന അനിശ്ചിതത്വം തുടര്‍ക്കഥയായി പിന്തുടരുമെന്നതുകൊണ്ട് ഏത് സമയവും എന്തും സംഭവിച്ചേക്കും. പകരക്കാരനായി പുതിയ പ്രധാനമന്ത്രിയെ കെട്ടിയിറക്കാന്‍ ഒരുഭാഗത്ത് സജീവ നീക്കങ്ങള്‍ നടക്കുമ്പോഴും പാര്‍ലമെന്റിന് പുറത്ത് സൈന്യത്തിന്റെ തീരുമാനങ്ങള്‍ ഏറെ നിര്‍ണായകമാണ്. രാഷ്ട്ര രൂപീകരണത്തിനുശേഷം പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിക്കും കാലാവധി തികയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകേണ്ടിവന്ന ആദ്യ വ്യക്തിയായി ഇമ്രാന്‍ ചരിത്രത്തില്‍ ഇടംനേടിയിരിക്കുന്നു.
പാക് രാഷ്ട്രീയം എത്രത്തോളം അരക്ഷിതമാണെന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദേശീയ അസംബ്ലി സമ്മേളനം തെളിയിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ തുടങ്ങിയ പാര്‍ലമെന്റ് നടപടികള്‍ അര്‍ദ്ധരാത്രി പിന്നിട്ടും നീണ്ടുപോയി. വോട്ടെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ഭരണകക്ഷി ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ സുപ്രീംകോടതിക്കും പട്ടാള നേതൃത്വത്തിനും ഇടപെടേണ്ടിവന്നു. അവിശ്വാസ പ്രമേയം പാസാകുകയും ഇമ്രാന്‍ ഖാന്‍ പദവി ഒഴിയുകയും ചെയ്തു. കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ ശഹബാസ് ശരീഫ് പ്രധാനമന്ത്രിയാകും. പക്ഷെ, അദ്ദേഹത്തിനും ഇരിക്കപ്പൊറുതി കിട്ടുമോ എന്ന് സംശയമാണ്. പാകിസ്താനിലെ രണ്ട് പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇമ്രാനെ ചവിട്ടിപ്പുറത്താക്കിയിരിക്കുന്നത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി)യും പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എല്‍-എന്‍) പാര്‍ട്ടിയും ശത്രുവിന്റെ ശത്രു മിത്രം എന്ന നയത്തിന്റെ ബലത്തില്‍ താല്‍ക്കാലികമായി ഐക്യപ്പെട്ടവരാണ്. ഭരണ സുഖം നുകര്‍ന്ന് പരിചയമുള്ള ഇരു പാര്‍ട്ടികളുടെയും ചങ്ങാത്തത്തിന് അധികം ആയുസുണ്ടാകില്ല. അധികാരക്കൊതിയും ആര്‍ക്കാണ് മൂപ്പ് കൂടുതലെന്ന ചോദ്യവും അവരെ കൂടുതല്‍ അകറ്റും. ശഹബാസിനെ പ്രധാനമന്ത്രിയാക്കി ഏറെക്കാലം ഇരുത്തുന്നത് ആത്മഹത്യാപരമാണെന്ന് പി.പി.പി തിരിച്ചറിയാതിരിക്കില്ല.
2023 ഓഗസ്റ്റില്‍ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇമ്രാന്‍ വിരോധികള്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പി.പി.പിയും പി.എം.എല്‍-എന്നും വേര്‍പിരിയുന്നതിനെക്കുറിച്ച് ആലോചിക്കും. അവര്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ടിവരും. ഇപ്പോള്‍ ഇമ്രാന്റെ കണ്ണീരില്‍ തൃപ്തരാണെങ്കിലും നാളെ അവര്‍ അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കയ്യിടാന്‍ മത്സരിക്കുമെന്ന് തീര്‍ച്ചയാണ്. തെഹ്‌രീകെ ഇന്‍സാഫിനെ(പി.ടി.ഐ) പ്രതിപക്ഷത്ത് നിര്‍ത്തി ഒന്നിച്ച് പോരാടുന്നത് ഇരു പാര്‍ട്ടികളുടെയും ജനകീയ അടിത്തറ ഇളയ്ക്കും. തിരഞ്ഞെടുപ്പ് ഗോഥയില്‍ അവര്‍ക്ക് സൗഹൃദം മറന്ന് കടിച്ചു കീറേണ്ടിവരും. ശത്രുപക്ഷത്തെ ഭിന്നതക്ക് അവസരം പാര്‍ത്തിരിക്കുന്ന ഇമ്രാന്‍ അത്തരമൊരു സാഹചര്യം മുതലെടുക്കാതിരിക്കില്ല. പി.പി.പിയുടെയും നവാസ് ശരീഫിന്റെ പാര്‍ട്ടിയുടെയും ദുര്‍ഭരണങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയാണ് പി.ടി.ഐയുടെ ഉദയം. ചുരുങ്ങിയ കാലം കൊണ്ട് പാര്‍ട്ടി രാജ്യത്തിന്റെ വെറുപ്പ് സമ്പാദിച്ചെങ്കിലും ജനഹൃദയങ്ങളില്‍ ഇമ്രാന്‍ ഖാനുള്ള ഇടം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ സാധിക്കില്ല. പാക് രാഷ്ട്രീയത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ മാറ്റങ്ങള്‍ ശാശ്വതമല്ലെന്ന് സമ്മേതിക്കേണ്ടിവരും. തിരഞ്ഞെടുപ്പ് കാലത്തും ശേഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി പിടിവലി കൂടുമ്പോള്‍ സൈന്യവും ജുഡീഷ്യറിയും കാഴ്ചക്കാരായി നില്‍ക്കില്ല. ഇറങ്ങിക്കളിച്ച് തഴക്കവും പഴക്കവുമുള്ള അവര്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് രാജ്യം വീണ്ടും കൂപ്പുകുത്തുകയും ചെയ്യും.
ഇമ്രാന്‍ ഖാനുശേഷമുള്ള ഭരണമാറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഏച്ചു കെട്ടിയ ഭരണസഖ്യത്തിന് സ്വന്തം തല വേദന തീര്‍ക്കാന്‍ തന്നെ സമയം ഏറെ വേണ്ടിവരും. അതുകഴിഞ്ഞ് ഇന്ത്യയെയും അമേരിക്കയേയും കുറിച്ച് ചിന്തിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല. പാകിസ്താനിലെ അസ്ഥിരതകള്‍ മുതലെടുത്ത് വളരാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ശക്തികള്‍ കളത്തിന് പുറത്തുണ്ട്. അവര്‍ ചിലപ്പോള്‍ മേഖലക്ക് തന്നെ ഭീഷണിയായി മാറിയേക്കും. അമേരിക്കക്ക് ചൈനയോളം തന്നെ പാകിസ്താനില്‍ താല്‍പര്യമില്ല. അഫ്ഗാന്‍ അധിനിവേശക്കാലത്ത് ഇടത്താവളമായാണ് അവര്‍ പാകിസ്താനെ കണ്ടിരുന്നത്. താലിബാനുമായുള്ള യുദ്ധത്തില്‍ തോറ്റ് പിന്മാറിയ ശേഷം പാക് മണ്ണില്‍ എന്തു സംഭവിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലേക്ക് യു.എസ് ചുരുങ്ങിയിരിക്കുന്നു. സാമ്പത്തിക താല്‍പര്യങ്ങളോടൊപ്പം ഇന്ത്യാ വിരുദ്ധ വികാരവും ചൈനയെ സ്വാധീനിക്കുന്നുണ്ട്. വിദേശ നയ തീരുമാനങ്ങള്‍ ഏറെയും സൈന്യത്തിന്റെ ഭാഗത്തുനിന്നാണ് വരുന്നതെന്നിരിക്കെ പാകിസ്താനില്‍ ആര് അധികാരത്തില്‍ വന്നാലും ഇന്ത്യയോട് ക്രിയാത്മകമായി ഇടപെടുന്നതില്‍ പരാജയപ്പെടുകയാണ് പതിവ്. അതുകൊണ്ട് തന്നെ പാകിസ്താനിലെ ഓരോ ചലനങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.