ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ ഒരിക്കലും അനുവദിച്ചിട്ടില്ല. പാക്കിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വീണ്ടും വീണ്ടും വിഫലമാക്കുകയാണ് ചെയ്തതെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാശ്്മീര്‍ വിഷയത്തില്‍ വിളിച്ചു കൂട്ടിയ പ്രത്യേക പാക്ക് പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിനെതിരായ നയമാണ് പാക്കിസ്ഥാന്റെത്. ഇരുരാജ്യങ്ങളുടെയും ഇടയില്‍ സമാധാനമാണ് വേണ്ടത്. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് വീണ്ടും ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞു.
ഉറി ആക്രമണത്തില്‍ യാതൊരുവിധ അന്വേഷണവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ആക്രമണം ഉണ്ടായ മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്തം പാക്കിസ്ഥാനുമേല്‍ കെട്ടിവക്കുകയാണുണ്ടായത്. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമാണെന്നത് ആര്‍ക്കും മനസ്സിലാകും.
എന്നാല്‍ സെപ്റ്റംബര്‍ 28ന് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ആക്രമത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ഏതു വിധത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ പാക്ക് സൈന്യം പൂര്‍ണ സജ്ജരാണ്. അക്രമത്തിന് ഉചിതമായ തിരിച്ചടി പാക്കിസ്ഥാന്‍ നല്‍കിക്കഴിഞ്ഞു എന്നും ഷരീഫ് വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും ഒത്തൊരുമയോടെ ദാരിദ്ര്യത്തിനെതിരെ പോരാടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിയോട്
പാക് പ്രധാനമന്ത്രി ശക്തമായ പ്രതികരിച്ചു. ദാരിദ്ര്യത്തിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ചുനിന്നു പോരാടലാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഒരു കാര്യം മനസ്സിലാക്കണം. കൃഷി ഭൂമികളിലൂടെ ടാങ്കുകള്‍ ഓടിച്ചാല്‍ ദാരിദ്ര്യത്തെ തുടച്ചുനീക്കാനാവില്ല, ഷെരീഫ് പറഞ്ഞു