കറാച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി പാക്കിസ്താന്‍ മുന്‍ ഹോക്കി താരം ഇന്ത്യയുടെ സഹായം തേടുന്നു. പാക് ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ മന്‍സൂര്‍ അഹമ്മദാണ് വീഡിയോയിലൂടെ ഇന്ത്യയുടെ സഹായം തേടിയത്.
ഹൃദയത്തിന് ഗുരുതര തകരാറുള്ള മന്‍സൂറിന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അടിയന്തരമായി ഹൃദയം മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും ഇന്ത്യയില്‍ ലഭിക്കുന്നതു പോലെ മികച്ച ചികിത്സ മറ്റെവിടെയും ലഭിക്കില്ലെന്നും മന്‍സൂര്‍ പറയുന്നു.
‘ഹൃദയത്തിന് തകരാര്‍ സംഭവിച്ചപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ഞാന്‍ ശസ്ത്രക്രിയക്കു വിധേയനായത്. എന്നാല്‍ അതുകൊണ്ട് കാര്യമുണ്ടായില്ല. കഴിഞ്ഞ മാസം അസുഖം മൂര്‍ച്ഛിച്ചു.
ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കളിക്കളത്തിലെ ഇന്ത്യാ-പാക് പോരാട്ടത്തിനിടെ ഒരുപാട് ഇന്ത്യന്‍ ഹൃദയങ്ങളെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇപ്പോള്‍ നിങ്ങളുടെ കാരുണ്യമാണ് വേണ്ടത്,’ അഹമ്മദ് പറഞ്ഞു.
കറാച്ചിയിലെ ജിന്ന മെഡിക്കല്‍ സെന്ററിലെ ഡോ.ചൗധരി പര്‍വേസിനു കീഴിലാണ് മന്‍സൂര്‍ ചികിത്സ തേടുന്നത്. 49കാരനായ മന്‍സൂറിന്റെ പേസ്‌മേക്കറും സെന്റും പൂര്‍ണമായും തകരാറിലായതിനാല്‍ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
മന്‍സൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാലിഫോര്‍ണിയയിലെ ക്ലിനിക്കിലേക്കാണ് ചൗധരി അയച്ചത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ വിജയകരമായി ശസ്ത്രക്രിയ നടത്താന്‍ ഏറ്റവും അനുയോജ്യമായത് ഇന്ത്യയാണെന്ന് അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇന്ത്യയില്‍ വന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
‘ഇന്ത്യ എന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്. പണമോ മറ്റ് സാമ്പത്തിക സഹായങ്ങളോ ഞാന്‍ ആവശ്യപ്പെടുന്നില്ല. ഇന്ത്യയിലേക്ക് വരാന്‍ വിസ അനുവദിച്ചു തന്നാല്‍ മാത്രം മതി’, മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.
Watch Video:
ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ചികിത്സക്കായി ഇന്ത്യ വിസ അനുവദിക്കാറുണ്ട്. അതിനാല്‍ തനിക്കും വിസ ലഭിക്കുമെന്നാണ് മന്‍സൂറിന്റെയും പ്രതീക്ഷ.
പാകിസ്താന്റെ കേവലം ഒരു ഹോക്കിതാരമല്ല മന്‍സൂര്‍. 338 അന്താരാഷ്ട്ര മത്സരങ്ങള്‍ പാകിസ്താനുവേണ്ടി കളിച്ച അദ്ദേഹം മൂന്ന് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. 1990ല്‍ പാക് ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം ലോകകപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. കൂടാതെ 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ് പാകിസ്താന് വിജയം സമ്മാനിച്ചത് ഗോള്‍കീപ്പറായ മന്‍സൂറായിരുന്നു.
മന്‍സൂറിന്റെ ചികിത്സക്കുവേണ്ടി പാക് പഞ്ചാബിലെ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും അദ്ദേഹത്തിന്റെ ചികിത്സക്കായി സഹായമേകുന്നുണ്ട്. ഇന്ത്യയുടെ കാരുണ്യം കൂടി ലഭിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് മന്‍സൂര്‍ പറയുന്നു.