ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പത്തുവര്‍ഷം തടവിന് വിധിച്ചു. ഏകമകളായ മറിയത്തെ ഏഴുവര്‍ഷത്തെ തടവിനും പാക് കോടതി വിധിച്ചിട്ടുണ്ട്. മരുമകനായ സഫ്ദാര്‍ അവാനിന് ഒരു വര്‍ഷമാണ് ശിക്ഷ. അഴിമതിക്കേസില്‍ വിചാണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ (എന്‍.ബി.എ) കോടതിയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കേസില്‍ വിധി പറഞ്ഞത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശിക്ഷിക്കപ്പടുന്നത്.
തടവ്ശിക്ഷ കൂടാതെ നവാസ് ഷെരീഫിന് 10 ദശലക്ഷം യൂറോയും മകള്‍ക്ക് രണ്ടു ദശലക്ഷം യൂറോയും പിഴയും കോടതി ചുമത്തിയിട്ടുണ്ട്. നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസിന്റെ ക്യാന്‍സര്‍ ചികിത്സക്കായി നവാസ് ഷെരീഫും മകളും ലണ്ടനിലാണിപ്പോള്‍. പാകിസ്താനിലേക്ക് ഷെരീഫിനേയും മകളേയും മടക്കി അയക്കാന്‍ ബ്രിട്ടനോട് പാക് ഭരണകൂടം ഔദ്യോഗികമായി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം തനിക്കെതിരെയുള്ള കോടതി വിധി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് വിധിയില്‍ നവാസ് ഷെരീഫ് പ്രതികരിച്ചത്.