X
    Categories: indiaNews

കോവിഡില്‍ മോദി സര്‍ക്കാര്‍ തോറ്റു; പാകിസ്ഥാന്‍ വേദിയില്‍ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി നേരിടുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാകിസ്ഥാനിലെ ലാഹോര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് എഴുത്തുകാരന്‍ കൂടിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

കോവിഡ് 19 സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ വെര്‍ച്ച്വല്‍ പ്രസംഗത്തിലായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.

‘ഇന്ത്യയിലെ സര്‍ക്കാര്‍ ശരിയായല്ല പ്രവര്‍ത്തിക്കുന്നത്, അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം. എന്നാല്‍ മോദി സര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല, തരൂര്‍ പറഞ്ഞു.

മുസ്‌ലിംകളോടുള്ള വര്‍ഗീയതയെയും വിദ്വേഷത്തെയും ന്യായീകരിക്കുന്ന രീതിയില്‍ എല്ലാം തബ്ലീഗി ജമാഅത്തിന്റെ കെട്ടിവെക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. പാകിസ്താനും അഫ്ഗാനിസ്താനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 ശതമാനവും അഫ്ഗാനിസ്താന് അഞ്ച് ശതമാനം ഇടിവുമുണ്ടാകുമെന്നായിരുന്നു ഐ.എം.എഫിന്റെ വിലയിരുത്തൽ.

ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണക്കുപ്രകാരം പാകിസ്താനിൽ നിലവിൽ 3,21,877 കോവിഡ് രോഗികളാണുള്ളത്. അഫ്ഗാനിസ്താനിൽ 40,026 പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ 73,07,098 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാൾ ജനസംഖ്യ ഏറെ കുറഞ്ഞ രാജ്യങ്ങളാണ്.

chandrika: