ഇസ്ലാമാബാദ്: കോഴ വിവാദത്തില്‍ പാകിസ്ഥാന്‍ ടീമംഗം മുഹമ്മദ് ആമിറിനെതിരെ മുന്‍ താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയോടു തല്ലു കിട്ടിയപ്പോള്‍ മാത്രമാണ് കോഴ ഇടപാടിനെ പറ്റി ആമിര്‍ സത്യം തുറന്നു പറഞ്ഞതെന്ന് റസാഖ് വ്യക്തമാക്കി. രാജ്യത്തെ ക്രിക്കറ്റിന്റെ സല്‍പേര് കളഞ്ഞു കുളിക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്നും റസാഖ് കുറ്റപ്പെടുത്തി.
‘അഫ്രീദി തന്നോട് റൂമില്‍ നിന്നു വെളിയില്‍ പോവാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടനെ ഞാന്‍ ഒരു അടിയുടെ ശബ്ദം കേട്ടു. പിന്നാലെ കോഴയുമായി ബന്ധപ്പെട്ട് ആമിറിന്റെ തുറന്നുപറച്ചിലും’- റസാഖ് പറയുന്നു.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഉണ്ടായ അവമതിയില്‍ പി.സി.ബി കാരണമായെന്നും റസാഖ് തുറന്നടിച്ചു. കോഴയുമായി ബന്ധപ്പെട്ട കേസ് തെളിയിക്കുന്നതിന് ഐ.സി.സിയെ സമീപിക്കുന്നതിനു മുമ്പ് തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂവരെയും തിരിച്ചയക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. ഒരു വര്‍ഷത്തെ വിലക്കു മാത്രമാണ് പി.സി.ബി അവര്‍ക്ക്് ഏര്‍പ്പെടുത്തിയത്. ആഗോളതലത്തില്‍ പാകിസ്ഥാന്റെ ക്രിക്കറ്റിലുള്ള വിശ്വാസ്യത നശിക്കുന്നതിന് ഇത് കാരണമായെന്നും റസാഖ്.
കോഴ ഇടപാടില്‍ പങ്കു കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ താരങ്ങളായ ആമിറിനെയും മുഹമ്മദ് ആസിഫിനെയും സല്‍മാന്‍ ഭട്ടിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അഞ്ചു വര്‍ഷം വിലക്കിയിരുന്നു. എന്നാല്‍ മൂന്നു പേരും നിലവില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ആമിര്‍ ലോകകപ്പ് ടീം അംഗം കൂടിയാണ്. ഇന്നത്തെ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ പാകിസ്ഥാനു വേണ്ടി അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്തിട്ടുണ്ട് ആമിര്‍.
കോഴ ഇടപാടില്‍ സല്‍മാന്‍ ഭട്ടിനും പങ്കുണ്ടെന്ന് റസാഖ് ആരോപിച്ചു. തന്റെ സംശയം അഫ്രീദിയോടു തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. എന്റെ വെറും തോന്നലാണെന്നാണ് അഫ്രീദി പറഞ്ഞത്. പക്ഷേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി ലോകകപ്പില്‍ സല്‍മാന്‍ ഭട്ടിനോടൊത്ത് ബാറ്റ് ചെയ്തപ്പോള്‍ പതിഞ്ഞ മട്ടില്‍ ബാറ്റു ചെയ്യുന്ന ഭട്ടിനെയാണ് ഞാന്‍ കണ്ടത്. എല്ലാ ഓവറിലും രണ്ടോ മൂന്നോ ബോള്‍ കരുതിക്കൂട്ടി പാഴാക്കിയ ശേഷം മാത്രം സിംഗിള്‍ ഓടും. താന്‍ ശക്തമായി സ്‌ട്രൈക്ക് തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തന്നില്ലെന്നും റസാഖ് വെളിപ്പെടുത്തി.