ലാഹോര്‍: അഴിമതിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകളുടേയും ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. മൂന്ന് പേരോടും അഞ്ച് ലക്ഷം പാക്കിസ്ഥാന്‍ രൂപയുടെ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടു. മൂവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കോടതി ഉത്തരവ് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ശരീഫിനും മകള്‍ക്കും മരുമകനും ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദേശീയ അക്കൗണ്ടബിലിറ്റി കോടതി ജൂലൈ ആറിനാണ് മൂന്നുപേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്. നവാസ് ശരീഫിന് 10 വര്‍ഷവും മകള്‍ മറിയമിന് ഏഴ് വര്‍ഷവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷവും തടവാണ് കോടതി വിധിച്ചത്.