ഇസ്‌ലാമാബാദ്: നെതര്‍ലന്‍ഡില്‍ വലതുപക്ഷ രാഷ്ട്രീയ നേതാവ് നടത്താനിരിക്കുന്ന ഇസ്്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരത്തെ പാകിസ്താന്‍ സെനറ്റ് ഐകകണ്‌ഠ്യേന അപലപിച്ചു. അടുത്ത മാസം ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രവാചക കാര്‍ട്ടൂണ്‍ മത്സരം അപലപനീയമാണെന്ന് പാക് സെനറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ ഡച്ച് കാര്‍ട്ടൂണ്‍ മത്സര വിഷയം സെപ്തംബറില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് സെനറ്റിനെ അറിയിച്ചു. മുസ്്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണ് കാര്‍ട്ടൂണ്‍ മത്സരം വ്യക്തമാക്കുന്നതെന്നും ദൈവനിന്ദ മുസ്്‌ലിംകള്‍ക്കുണ്ടാക്കുന്ന വേദന പാശ്ചാത്യ ലോകത്ത് ചിലര്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനില്‍(ഒ.ഐ.സി) വിഷയം ഉന്നയിച്ച് മറ്റ് മുസ്‌ലിം രാജ്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര വേദികളില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ തന്റെ ഭരണകൂടത്തിന് പദ്ധതിയുണ്ട്. കുറച്ച് മുമ്പ് തന്നെ അതെല്ലാം ചെയ്യേണ്ടിയിരുന്നു. ദീര്‍ഘകാലം പാശ്ചാത്യരോടൊപ്പം ചെലവഴിച്ചതുകൊണ്ട് അവരുടെ മാനസികാവസ്ഥ എനിക്ക് അറിയാം. പ്രവാചകനോട് മുസ്്‌ലിംകള്‍ക്ക് തോന്നുന്ന സ്‌നേഹമൊന്നും അവര്‍ക്ക് മനസ്സിലാകില്ല-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഡച്ച് അംബസാഡറെ വിളിച്ചുവരുത്തി പാക് വിദേശകാര്യ മന്ത്രാലയം പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ മത്സരത്തോടുള്ള പ്രതിഷേധം അറിയിച്ചിരുന്നു.
നെതര്‍ലന്‍സുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്ന് പാകിസ്താനില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ലാഹോറില്‍നിന്ന് തലസ്ഥാനമായ ഇസ്്‌ലാമാബാദിലേക്ക് പ്രതിഷേധ റാലി നടത്തുമെന്ന് തെഹ്‌രീകെ ലബ്ബൈക് പാകിസ്താന്‍ പാര്‍ട്ടി ഭീഷണി മുഴക്കി. കാര്‍ട്ടൂണ്‍ മത്സരത്തിനെതിരെ തങ്ങള്‍ തെരുവിലിറങ്ങുമെന്നും പ്രവാചകനെതിരെ കടന്നാക്രണമുണ്ടാകുമ്പോള്‍ ഒരു മുസ്്‌ലിമിന് എങ്ങനെ വീട്ടിലിരിക്കാന്‍ സാധിക്കുമെന്നും പാര്‍ട്ടി നേതാവ് ഇജാഷ് അഷറഫി ചോദിച്ചു.