ഇസ്ലാമബാദ്: ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന്‍ സംഘത്തിന് സര്‍ക്കാര്‍ അനുമതി. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയമില്ലെന്നും പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും സര്‍ക്കാരും പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
ഇന്ത്യ-പാക്കിസ്താന്‍ ക്രിക്കറ്റ് ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലെ വിള്ളല്‍ മൂലം അകന്ന് നില്‍ക്കുകയാണിപ്പോഴും. പാക്കിസ്താനാണ് ഇത്തവണ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ പാക്കിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് സര്‍ക്കാര്‍ അനുതി നല്‍കിയിട്ടില്ല. ഇത് കാരണം ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ലങ്കയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാക്കിസ്താന്‍ ലോകകപ്പില്‍ കളിക്കില്ല എന്ന് വരെ പറയപ്പെട്ടിരുന്നു. ഇന്ത്യക്ക് പാക്കിസ്താനിലേക്ക് വരാന്‍ കഴിയില്ലെങ്കില്‍ പാക്കിസ്താന്‍ ഇന്ത്യയിലേക്കുമില്ലെന്നതായിരുന്നു നിലപാട്.
എന്നാല്‍ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ ഇടപെടലിലാണ് ഒത്തുതീര്‍പ്പായത്. ഇന്ത്യ വരാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ലങ്കയിലേക്ക് മാറ്റുമ്പോള്‍ പാക്കിസ്താന് കാര്യമായ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ലോകകപ്പ് ഫിക്‌സ്ച്ചര്‍ തയ്യാറായപ്പോള്‍ പാക്കിസ്താന്‍ പ്രതികരിച്ചിരുന്നില്ല. ഫിക്‌സ്ച്ചര്‍ തയ്യാറാക്കുന്നതിന് മുമ്പ് അവര്‍ ചില ഉപാധികള്‍ പറഞ്ഞുവെങ്കിലും അത് ഐ.സി.സിയോ, ബി.സി.സി.ഐയോ പരിഗണിച്ചില്ല. പാക്കിസ്താന്റെ മല്‍സരങ്ങള്‍ അഹമ്മദാബാദില്‍ പാടില്ല എന്നതായിരുന്നു വ്യവസ്ഥകളില്‍ പ്രധാനം. എന്നാല്‍ നിര്‍ണായകമായ ആ മല്‍സരം അഹമ്മദാബാദില്‍ തന്നെയായിരുന്നു ഷെഡ്യൂള്‍ ചെയ്തത്.